ചാവക്കാട്: നഴ്സ് ആൻലിയയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയ ആൻലിയയുടെ ഭർത്താവ് വി.എ. ജസ്റ്റിനുമായി തൃശൂർ െറയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ആഗസ്റ്റ് 25 ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആൻലിയയെ കാണാതായത്.
ആഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാർ പുഴയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളായ ഫോർട്ടുകൊച്ചി നസ്രേത്ത് പാലക്കൽ ഹൈജിനസ് (അജി പാലക്കൽ), ഭാര്യ ലീല എന്നിവർ പരാതി നൽകിയിരുന്നു. ആൻലിയയെ കാണാതായത് സംബന്ധിച്ച് ഭർത്താവ് തൃശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം. ജസ്റ്റിൻ (29) തൃശൂർ റെയിൽവേ പൊലീസിലും പരാതി നൽകിയിരുന്നു.
ഗുരുവായൂർ എ.സി.പി ശിവദാസനായിരുന്നു കേസ് അന്വേഷണ ചുമതല. എന്നാൽ ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. തൃശൂർ ക്രൈം എസ്.പി കെ. സുദർശെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി വി.എ. ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്.
ആദ്യം ഒളിവിൽ പോയ ജസ്റ്റിൻ മാത്യു മുൻകൂർ ജാമ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജസ്റ്റിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവസത്തെ തെളിവെടുപ്പിനു ശേഷം ഇയാളെ തിരികെ കോടതിയിലെത്തിച്ചു. കേസ് അന്വേഷണം സംബന്ധിച്ച് വിശദമാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തയാറായില്ല. സി.ഐ രാജേഷ് കെ. മേനോൻ, എസ്.ഐ ശങ്കരൻകുട്ടി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.