സ്വപ്നവീട്ടില്‍ നിന്ന് അഞ്ജലിയും അഞ്ജുവും പരീക്ഷഹാളിലേക്ക്

കോഴിക്കോട്: ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ കരിവിളക്കിന്‍ വെട്ടത്തിലുള്ള ആ പഠനകാലം. വീടെന്ന സ്വപ്നം ഒരിക്കലും പുലരില്ളെന്നു തോന്നിയ നിമിഷങ്ങള്‍ മനസ്സില്‍ തികട്ടിവരുമ്പോള്‍ കണ്ണ് നിറയും അഞ്ജലിക്കും അഞ്ജുവിനും. ബുധനാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ ഇരുവരും പരീക്ഷഹാളിലേക്ക് പോവുന്നത് സഹപാഠികള്‍ നിര്‍മിച്ചുനല്‍കിയ സ്വപ്നവീട്ടില്‍നിന്ന്.

വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. സഹപാഠികള്‍ കൈകോര്‍ത്താണ് രണ്ടര സെന്‍റില്‍ ഇവര്‍ക്ക് വീടൊരുക്കിയത്. ജീവിതത്തിന്‍െറ ഗതി നിര്‍ണയിക്കുന്ന 10ാം ക്ളാസ് കടമ്പ കടക്കുമ്പോഴെങ്കിലും വീടായതിന്‍െറ ആശ്വാസമാണ് ഇരുവര്‍ക്കും. വെസ്റ്റ്ഹില്‍ ശ്മശാനത്തിനു സമീപം കുമ്മട്ടിക്കുളം വയലില്‍ പാണ്ഡ്യമ്മ- അന്തോണി ദമ്പതികളുടെ മക്കളാണ് ഇവര്‍. ഷീറ്റുകൊണ്ട് മറച്ചതും ചോര്‍ന്നൊലിക്കുന്നതുമായ ഒറ്റമുറിയിലായിരുന്നു കഴിഞ്ഞമാസം വരെ താമസം. മുട്ടുകാലില്‍ തേയ്മാനമുള്ള അച്ഛന് ദിവസവും കൂലിപ്പണിക്ക് പോവുക അസാധ്യം.

കടയില്‍ അടിച്ചുവാരുന്നതിന് അമ്മക്ക് കിട്ടുന്ന തുച്ഛ വരുമാനമാണ് ജീവിതോപാധി. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. മഴ ഒന്ന് കനത്താലോ താമസിക്കുന്നിടത്ത് മുട്ടോളം വെള്ളം കയറും. മഴ നനഞ്ഞ് പാഠപുസ്തകം നശിക്കും. ചിതലരിക്കുകയും ചെയ്യും. പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും വായിക്കാനിരിക്കുന്നതുമെല്ലം ഒറ്റമുറിയില്‍. സങ്കടപ്പെടുന്ന മാതാപിതാക്കളോട് ഇവര്‍ പറയും, ‘ഞങ്ങളൊന്ന് പഠിച്ച് വലുതായിട്ട് വേണം വീടുണ്ടാക്കാന്‍.’വീടിന്‍െറ കുറവൊന്നും ആരോടും പറഞ്ഞില്ല.

ഗൃഹസന്ദര്‍ശനത്തിന്‍െറ ഭാഗമായി വീട്ടിലത്തെിയ അധ്യാപികമാരാണ് ഇവരുടെ സ്ഥിതി തിരിച്ചറിഞ്ഞത്. ദൈവം നേരിട്ട് അവതരിച്ചപോലെയാണ് ഏഴുലക്ഷം ചെലവില്‍ രണ്ടു ബെഡ്റൂം ഉള്‍പ്പെടുന്ന വീട് ലഭിച്ചപ്പോള്‍ ഇവര്‍ക്ക് തോന്നിയത്. പഠിച്ച് അധ്യാപികയായി ഇതുപോലൊരു വീട് അര്‍ഹര്‍ക്ക് പണിതുകൊടുക്കാനാണ് ഇരുവരുടെയും ആഗ്രഹം.

Tags:    
News Summary - anjali and anju to exam hall from their dream home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.