അ​ഞ്ചേരി ബേബി വ​ധക്കേസ്​: വിടുതൽ ഹരജി തള്ളി, എം.എം.മണി പ്രതിയായി തുടരും

മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസില്‍ വൈദ്യുതി മന്ത്രി എം.എം. മണി രണ്ടാം പ്രതിയായി തുടരും. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജികള്‍ കോടതി തള്ളി. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതികളാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി. ശ്രീദേവിയാണ് ശനിയാഴ്ച ഹരജികളില്‍ വിധിപറഞ്ഞത്.

പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തിയ സാഹചര്യത്തില്‍ അഞ്ചേരി ബേബി വധക്കേസിലും ഗൂഢാലോചന ക്കേസിലും എം.എം. മണി വിചാരണ നേരിടണം. കോടതി ഉത്തരവോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി. പാമ്പുപാറ കുട്ടന്‍, എം.എം. മണി, ഒ.ജി. മദനന്‍, വര്‍ക്കി എബ്രഹാം, കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍, വി.എം. ജോസഫ് (പേപ്പ്) എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍. നാലാം പ്രതി വര്‍ക്കി എബ്രഹാം, ഏഴാം പ്രതി വി.എം. ജോസഫ് എന്നിവര്‍ ജീവിച്ചിരിപ്പില്ല.

പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായി അംഗീകരിച്ചാണ് കോടതി വിധിപുറപ്പെടുവിച്ചത്. അഞ്ചേരി ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. തൊഴില്‍ തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തിലും ദൃക്സാക്ഷികള്‍ കൂറുമാറിയതിനാലും ഒമ്പത് പ്രതികളെയും 1985 മാര്‍ച്ചില്‍ വെറുതെവിട്ട് കേസ് അവസാനിപ്പിച്ചതാണ്.

എന്നാല്‍, സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായിരിക്കെ 2012 മേയ് 25ന് എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ വിവാദ ‘വണ്‍, ടു, ത്രീ’ പ്രസംഗത്തിലെ വെളിപ്പെടുത്തലിനത്തെുടര്‍ന്ന് കേസ് പുനരന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. തുടര്‍ന്ന് മണിയെ രണ്ടും പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരെ യഥാക്രമം ഒന്നും മൂന്നും പ്രതികളാക്കി അന്വേഷണം ആരംഭിച്ചു. ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ മണി മോചിതനായ ശേഷമാണ് വിടുതല്‍ ഹരജി ഫയല്‍ ചെയ്തത്.

ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും മുന്‍കാല വിധികള്‍ ഉദ്ധരിച്ച് ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉന്നയിച്ചത്. നേരത്തേ ഒമ്പത് പ്രതികളെയും വെറുതെവിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ളെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, കേസിലെ പ്രതിയും നിലവില്‍ മാപ്പുസാക്ഷിയുമായ മോഹന്‍ദാസിന്‍െറ മൊഴിയും എം.എം. മണിയുടെ വിവാദ വെളിപ്പെടുത്തലും സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. അമ്പതോളം തെളിവുകളും 91സാക്ഷികളില്‍ 85പേരെയും അവതരിപ്പിച്ചു.

Tags:    
News Summary - Ancheri babi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.