അനന്തുവിന്‍റെ മരണം രാഷ്ട്രീയവത്ക്കരിക്കരുത്, എല്ലാവരും ഒന്നിച്ചു നിൽക്കണം - എം. സ്വരാജ്

മലപ്പുറം: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർഥി അനന്തു മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. എൽ.ഡി.എഫ് ഭരിക്കുമ്പോഴും യു.ഡി.എഫ് ഭരിക്കുമ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് ഇതാരും രാഷ്ട്രീയവത്കരിച്ചിരുന്നില്ല. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്.

പ്രതിഷേധത്തെ തളളിപ്പറയുന്നില്ല. എന്നാൽ ആശുപത്രിയിലേക്കുള്ള വഴി തടഞ്ഞത് ശരിയല്ല. അത്യാസന്ന നിലയിലുള്ള രോഗി വന്നാൽ എന്തു ചെയ്യുമെന്നും അദ്ദേഹംം ചോദിച്ചു. സംഭവം രാഷ്ട്രീയവത്കരിക്കാനുളള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുളള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണ്. അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം. സ്വരാജ് പറഞ്ഞു.

രണ്ടുമാസം മുന്‍പ് പുത്തരിപ്പാടത്തും സമാനമായ രീതിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്‍ എന്ന കുഞ്ഞുകുട്ടനാണ് മരിച്ചത്. ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സഹപ്രവര്‍ത്തകന്‍ മരണപ്പെടുമ്പോഴെങ്കിലും കൂടെയുളളവര്‍ക്കും ദുഖവും രോഷവുമൊക്കെ ഉണ്ടാകും. അന്ന് പക്ഷെ ആരും വഴി തടഞ്ഞിട്ടില്ല. അന്ന് മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാന്‍ പോലും അറിയപ്പെടുന്ന ഒരു നേതാവും പോയിട്ടില്ല എന്നാണ് കേട്ടത്. കാരണം അന്ന് ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് വഴിതടഞ്ഞുവെന്നും സ്വരാജ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.