അനാമികയുടെ മരണം; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്‌പെൻഷൻ

ബെം​ഗളൂരു: കർണാടകയിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും അസിസ്റ്റന്റ്‌ പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ സന്താനം, അസിസ്റ്റന്റ്‌ പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.

കണ്ണൂർ മുഴുപ്പിലങ്ങാട് ​സ്വദേശിയാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അനാമികയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുടെ പീഡനം കാരണം അനാമിക മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെ നിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.

അതേസമയം അനാമിക എഴുതിയ ആത്മഹത്യാ കുറിപ്പുകളിൽ ഒന്ന് കാണാനില്ലെന്നാണ് സഹപാഠികളുടെ ആരോപണം. രണ്ട് ആത്മഹത്യാ കുറിപ്പുകൾ അനാമിക എഴുതിയിരുന്നു. ഒന്ന് കുടുംബത്തെ കുറിച്ചും മറ്റൊന്ന് കോളേജ് മാനേജ്മെന്റിനെ കുറിച്ചുമായിരുന്നു. ഇതിൽ മാനേജ്മെന്റിനെ കുറിച്ച് എഴുതിയ കുറിപ്പ് കാണാനില്ലെന്നാണ് സഹപാഠികളുടെ ആരോപണം. എന്നാൽ മാനേജ്മെന്റ് വിദ്യാർഥികളുടെ ആരോപണം പൂർണമായും തള്ളി. അതേസമയം പരീക്ഷയിൽ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികയ്‌ക്കെതിരെ സ്വീകരിച്ചതെന്നാണ് കോളേജ് അധികൃതരുടെ വാദം.

Tags:    
News Summary - Anamikas death leads to suspension of principal and assistant professor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.