കൊച്ചി: ‘അവനെ കഷണം കഷണമാക്കണം. ഇഞ്ചിഞ്ചായി കൊല്ലണം. ഒന്നുമറിയാത്ത കുഞ്ഞിനെയാണ് അവൻ കൊന്നത്. ഒരുപാട് സങ്കടമുണ്ട്’...എറണാകുളത്തെ പോക്സോ കോടതിക്കുപുറത്ത് കാത്തുനിന്നവർ, ആലുവയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിലെ വിധിയറിഞ്ഞപ്പോൾ അങ്ങേയറ്റം വൈകാരികമായാണ് പ്രതികരിച്ചത്. പുരുഷന്മാരടക്കം പലരുടെയും വാക്കുകൾ കരച്ചിലിൽ മുറിഞ്ഞു. വധശിക്ഷയാണെന്നറിഞ്ഞിട്ടും സ്ത്രീകൾക്ക് പ്രതിയോടുള്ള രോഷം അടങ്ങിയിരുന്നില്ല.
ആലുവയിൽനിന്നും കൊച്ചി നഗരപ്രദേശങ്ങളിൽനിന്നുമായി സ്ത്രീകളടക്കം ഒട്ടേറെ പേർ രാവിലെ മുതൽ കോടതി പരിസരത്ത് എത്തിയിരുന്നു. അക്ഷമരായി കാത്തുനിന്ന അവരിൽ പലരും വിധിപ്രസ്താവം പുറത്തുവന്നതോടെ പ്രതിയെ പിന്നെയും ശാപവാക്കുകൾകൊണ്ട് പൊതിഞ്ഞു. ‘എനിക്കും പെൺകുട്ടികൾ ഉള്ളതാണ് സാറേ. അവനെ ഇഞ്ചിഞ്ചായി കൊല്ലണം. ഒരു കുഞ്ഞിനും ഇനി ഈ ഗതി വരരുത്. സംഭവം നടന്ന അന്നുമുതൽ ഞങ്ങളെല്ലാം വളരെ ബുദ്ധിമുട്ടിലും മനോവിഷമത്തിലുമായിരുന്നു’-ആലുവ സ്വദേശി ഇതുപറഞ്ഞത് കരച്ചിലോടെയാണ്.
നേരിട്ടുകണ്ടാൽ തങ്ങൾ അവനെ തല്ലിക്കൊല്ലുമെന്നാണ് ചില സ്തീകൾ പ്രതികരിച്ചത്. ‘നാളെ വേറൊരു കുട്ടിക്കും ഈ ഗതി വരരുത്. ആ കുഞ്ഞിനെ അവൻ എങ്ങനെ കൊന്നോ, അതുപോലെ അവനെയും കൊല്ലണം. വധശിക്ഷയാകുമ്പോൾ പെട്ടെന്നുള്ള മരണമാകും. ആ കുഞ്ഞ് എന്തുമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. അവൻ ആ കുഞ്ഞിന്റെ കൈപിടിച്ചുപോകുന്നതൊക്കെ ഞങ്ങൾ ടി.വിയിൽ കണ്ടതാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് വരുമ്പോഴേ നമുക്ക് അതിന്റെ വേദന മനസ്സിലാകൂ. ഈ വിധിയിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഇങ്ങനെയുള്ള വിധി നടപ്പാക്കിയാലേ കേരളത്തിലുള്ളവരും നാളെ ഇത് ചെയ്യാതിരിക്കൂ. ആ അഞ്ച് വയസ്സുകാരിയുടെ ആത്മാവിന് കോടതി നീതികൊടുത്തതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. അവന് വധശിക്ഷതന്നെ കിട്ടാൻ ഞങ്ങൾ പ്രാർഥിക്കുകയായിരുന്നു. ഇല്ലെങ്കിൽ അവനെ ഇറക്കിവിടട്ടെ, ഞങ്ങൾ തീരുമാനിക്കാം അവനുള്ള ശിക്ഷ. അപ്പോൾത്തന്നെ അവനെ കൊല്ലണമായിരുന്നു. ജനം ആഗ്രഹിച്ച വിധിയാണിത്. എല്ലാവരും സന്തോഷത്തിലാണ്. എല്ലാവർക്കും ഇതൊരു പാഠമാകണം’ -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.