ന്യൂഡൽഹി: കേരള സർക്കാർ 300 ഏക്കർ ഭൂമി അനുവദിച്ചിട്ടും മലപ്പുറത്തെ അലിഗഡ് മുസ്ലിം സർവകലാശാല (എ.എം.യു) കാമ്പസിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മുസ്‍ലിം ലീഗ് രാജ്യസഭ എം.പി അബ്ദുൾ വഹാബ്. പദ്ധതിക്ക് ഉടൻ ഫണ്ട് അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂമി തിരികെ നൽകണമെന്നും അദ്ദേഹം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനത്തെ കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എ.എം.യുവിന്റെ കാമ്പസിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം വഹാബ് ഉന്നയിച്ചത്. ഏറ്റെടുത്ത ഭൂമി ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് വഹാബ് വ്യക്തമാക്കി. 2010-ലാണ് മലപ്പുറത്ത് എ.എം.യുവിന്റെ ദക്ഷിണേന്ത്യൻ കാമ്പസ് സ്ഥാപിതമായത്.
'ഞങ്ങൾ 300 ഏക്കർ ഏറ്റെടുത്ത് കാമ്പസിന് നൽകിയിട്ടുണ്ട്. പക്ഷേ അവിടെ ഒന്നുമില്ല. ഒന്നുകിൽ നിങ്ങൾ ഭൂമി കേരള സർക്കാറിന് തിരികെ നൽകുക, എന്നാൽ മറ്റ് ചില സർവകലാശാലകൾ അവിടെ സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (എം.എ.എൻ.എഫ്) യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'മൗലാന ആസാദ് എന്ന പേരാണ് പ്രശ്നമെങ്കിൽ അത് പ്രധാനമന്ത്രി എന്നാക്കി മാറ്റൂ, ഒരു പ്രശ്‌നവുമില്ല ഞങ്ങൾക്ക് സ്കോളർഷിപ്പുകൾ വേണം" അദ്ദേഹം പറഞ്ഞു.
എസ്.സി/എസ്.ടി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ വിതരണം പോലും വൈകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ബി.സി ഫെലോഷിപ്പും വൈകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഡിജിറ്റൽ ലൈബ്രറികൾ തുറക്കാൻ കേന്ദ്ര സഹായം വേണമെന്നും അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. നെറ്റ് ഫെലോഷിപ്പ് ഇതര വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പ് 6,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.