കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് നൽകിയ ഹരജി പിൻവലിക്കാൻ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈകോടതിയുടെ അനുമതി. എന്നാൽ, ഹരജിയുമായി ബന്ധപ്പെട്ട് അനാവശ്യമായി അഭിഭാഷകനെ കുറ്റപ്പെടുത്തി സത്യവാങ്മൂലം നൽകിയതിന് 10,000 രൂപ പിഴയടക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പിഴത്തുക ഒരു മാസത്തിനകം ഹൈകോടതി ലീഗൽ സർവിസ് അതോറിറ്റിയിൽ കെട്ടിവെക്കണമെന്നും അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കണമെന്നുമാണ് ഉത്തരവ്.
മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ കേസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് തന്നെ പ്രതി ചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജി നൽകിയ ഹരജി വിവാദമായിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നതായി ലക്ഷ്മൺ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ തന്റെ അറിവില്ലാതെ അഭിഭാഷകനാണ് ആരോപണം ചേർത്തതെന്ന് ആരോപിച്ച് ഹരജി പിൻവലിക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ഹൈകോടതിയുടെ അനുമതി തേടുകയായിരുന്നു. എന്നാൽ, അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പുതിയ സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.
തുടർന്ന് കൊളസ്ട്രോൾ, ഷുഗർ തുടങ്ങിയ രോഗങ്ങൾക്ക് ആയുർേവദ ചികിത്സ തേടിയിരുന്നതിനാൽ കൊച്ചിയിൽ നേരിട്ടെത്തി അഭിഭാഷകനുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഫോണിൽ പറഞ്ഞുനൽകിയാണ് ഹരജി നൽകിയതെന്നും വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നൽകി.
ഹരജിയിൽ അനാവശ്യകാര്യങ്ങൾ കടന്നുകൂടിയത് നോട്ടപ്പിശകുമൂലമാണെന്നും ഇതിൽ അഭിഭാഷകനോ അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകളോ കുറ്റക്കാരല്ലെന്നും പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഈ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹരജി പിൻവലിക്കാൻ അനുവദിച്ചത്. തന്റെ അറിവില്ലാതെ ഹരജിയിൽ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് ബാർ കൗൺസിലിൽ അഭിഭാഷകനെതിരെ ഐ.ജി പരാതി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഐ.ജി കൂടിയായ ഹരജിക്കാരന് തന്റെ ഇഷ്ടത്തിനനുസരിച്ച് വാദങ്ങൾ മാറ്റാൻ കഴിയില്ല. പിഴ ചുമത്താതെ ഹരജി പിൻവലിക്കാനുള്ള അപേക്ഷ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് പിഴ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.