ആലപ്പുഴ സമാധാന യോഗം അഞ്ചിന്​; ബഹിഷ്​കരിക്കുമെന്ന്​ ബി.ജെ.പി

ആലപ്പുഴ: മണിക്കൂറുകൾക്കിടയിൽ കഠാരരാഷ്​ട്രീയം രണ്ട്​ ജീവനുകളെടുത്ത ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന്​ ചേരും. നേരത്തെ വൈകീട്ട്​ മൂന്ന്​ മണിക്ക്​ നിശ്​ചയിച്ചിരുന്ന യോഗം അഞ്ചുമണിയിലേക്ക് മാറ്റിയതായി ആലപ്പുഴ കലക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.

കൊല്ലപ്പെട്ട രഞ്​ജിത്തിന്‍റെ സംസ്‌കാരം നടക്കുന്ന സമയമായതിനാൽ മൂന്ന്​ മണിക്ക്​ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നു. ഇതേതുടർന്നാണ്​ യോഗസമയം മാറ്റിയത്​. എന്നാൽ, മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ച്​ യോഗം ബഹിഷ്‌കരിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യ​െപ്പട്ട്​ എല്ലാ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പോസ്റ്റ് മോർട്ടം നടത്താത്ത കാര്യം വളരെ വൈകിയാണ് അറിയിച്ചതെന്ന്​ ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ്​ മോർച്ചറിക്ക്​ മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന്​ പ്രതിഷേധിച്ചിരുന്നു. ഉച്ചക്ക് ഒന്നിനാണ്​​ കോവിഡ് പരിശോധനഫലം കിട്ടിയത്​. പൊലീസ്​ റിപ്പോർട്ട്​ തയാറാക്കൽ നടപടി ​ൈവകീട്ട്​ ആറോടെ​ പൂർത്തിയായി. വൈകീട്ട്​ 6.25 ആയിട്ടും പോസ്​റ്റ്​മോർട്ടം നടപടികള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്നാണ്​ ബി.ജെ.പി പ്രവർത്തകർ മോർച്ചറിക്ക്​ മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്​. ഞായറാ​ഴ്​ചതന്നെ സംസ്​കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, പോസ്​റ്റ്​മോർട്ടം തിങ്കളാഴ്ചത്തേക്ക്​ മാറ്റിയതിനാൽ സംസ്​കാരചടങ്ങുകൾ നീട്ടിവെക്കുകയായിരുന്നു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെത്തി സംസാരിച്ചെങ്കിലും പോസ്​​റ്റ്​മോർട്ടം നടത്താൻ അധികൃതര്‍ തയാറായില്ല. മോർച്ചറിക്ക്​ മുന്നിലെ പ്രതിഷേധം നേരിയ സംഘർഷത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട്​​ രംഗം ശാന്തമാക്കി​. അധികൃതര്‍ മനഃപൂർവമാണ് പോസ്​റ്റ്​മോർട്ടം നടത്താ​ത്തതെന്ന്​ നേതാക്കള്‍ കുറ്റപ്പെടുത്തി. വിവാദ സംഭവത്തിൽ മണിക്കൂറുകൾ എടുത്ത്​ മാത്രമേ പോസ്​റ്റ്​മോർട്ടം നടപടികൾ പാടുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ പറഞ്ഞു. 'ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾ നടത്താതിരിക്കാൻ പോലീസുകാർ മനപൂർവ്വം പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതാണ്. ഒരു പരിഷ്‌കൃത സമൂഹത്തിലും സർക്കാർ സംവിധാനം ചെയ്യാൻ പാടുള്ള കാര്യമല്ല ഇത്. ഇവിടെ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും ബി.ജെ.പിയ്‌ക്ക് മറ്റൊരു നിയമവുമാണ്. സംസ്ഥാന സർക്കാരിന്‍റെ രാഷ്‌ട്രീയ പ്രേരിത നടപടിയാണ് ഇത്. പൊലീസിനെ ഉപയോഗിച്ച് മൃതദഹേത്തോട് അനാദരവ് കണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. സംസ്‌കാര ചടങ്ങുകൾ നടക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൊലീസ് നടത്തിയത്​. നിലവിലെ സാഹചര്യത്തിൽ പൊലീസ്​ നടപടികളോട് സഹകരിക്കും' - സുരേന്ദ്രൻ പറഞ്ഞു.

രഞ്ജിത്തിന്‍റെ മൃതദേഹം ആറാട്ടുപുഴ വലിയഴീക്കലുള്ള കുന്നുംപുറത്ത് വീട്ടിൽ​ അച്ഛന്‍റെ കുഴിമാടത്തിനരികിലാണ്​ സംസ്​കരിക്കുക. രഞ്ജിത്തിന്‍റെ പിതാവ് പരേതനായ ശ്രീനിവാസന്‍റെ കുടുംബ വീടാണിത്. സഹോദരൻ സജീവനാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. രണ്ടുവർഷം മുൻപാണ്​ പിതാവ്​ മരണപ്പെട്ടത്​.

ഞായറാഴ്ച രാത്രി രഞ്​ജിത്തിന്‍റെ സംസ്കാരം നടക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ ഒരുക്കം പൂർത്തീകരിച്ചിരുന്നു. ബന്ധുമിത്രാദികളും നാട്ടുകാരം പാർട്ടി പ്രവർത്തകരുമടക്കം നിരവധി പേർ ഇവിടെ നേരത്തേ തന്നെ എത്തിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടക്കാത്ത സാഹചര്യത്തിൽ ഇന്നലെ വൈകീട്ട്​ ആറരയോടെയാണ് സംസ്​കാരം തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്ന വിവരം അറിയുന്നത്.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തിയശേഷം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും പൊതുദർശനത്തിന്​ വെക്കും. തുടർന്നാണ്​ സംസ്​കാരം.

Tags:    
News Summary - Alappuzha all party meeting at 5 p.m; BJP to boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.