കൊച്ചി: ബി.ജെ.പി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിൽ നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ഹിന്ദുവോട്ട് കച്ചവടം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ വ്യക്തമാക്കി.
വോട്ട് കച്ചവടമെന്ന പതിവ് പല്ലവി ഉയർത്താൻ ഇടത്- വലത് മുന്നണികൾക്ക് അവസരം നൽകുകയാണ് കേരളത്തിലെ ബി.ജെ.പി. എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയത് കൊണ്ടല്ല ഈ നാട്ടിൽ ബി.ജെ.പി ഇത്രയും നാളും തെരഞ്ഞെടുപ്പിനെ നേരിട്ടതും പടിപടിയായി വളരുന്നതും.
മറിച്ച് ധർമചിന്തകളുടെ ആശയം സമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം നൽകാനുമാണ് പ്രധാനമായും തെരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിട്ടുള്ളത്. ഇതുപോലും മനസിലാക്കാൻ ശേഷിയില്ലാത്തവരാണോ ഇപ്പോൾ കേരളത്തിലെ ബി.ജെ.പിക്ക് നേതൃത്വം നൽകുന്നത്?.
ബി.ജെ.പി ആർക്കുവേണ്ടിയാണ് സ്ഥാനാർഥിയെ നിർത്താതെ മാളത്തിൽ ഒളിക്കുന്നതെന്ന് വ്യക്തമല്ല. ഹിന്ദുവിന്റെ വോട്ട് വച്ച് കച്ചവടം ചെയ്യാൻ ഇനി ആരെയും 'യഥാർഥ ഹിന്ദുക്കൾ' അനുവദിക്കില്ല.
നിലമ്പൂരിൽ ബി.ജെ.പി ഉചിതമായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ സനാതനികളുടെ അഭിമാനവും അന്തസും സുരക്ഷയും ഉറപ്പുവരുത്താൻ അഖില ഭാരത ഹിന്ദു മഹാസഭ സ്ഥാനാർഥിയെ നിർത്തുമെന്നും ഏറ്റവും മികച്ച സ്ഥാനാർഥി നിലമ്പൂരിൽ മത്സരിക്കുമെന്നും സ്വാമി ഭദ്രാനന്ദ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.