മേളകൾ റദ്ദാക്കിയതിൽ അതൃപ്തി അറിയിച്ച് ബാലന്‍; ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഡിസംബറിൽ നടക്കാനിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) റദ്ദാക്കിയ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മന്ത്രിസഭപോലും അറിയാത്ത തീരുമാനം ആരുടെ നിർദേശപ്രകാരമാണ് നടപ്പാകുന്നതെന്നും മേളകൾ ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ നയത്തി‍​​െൻറ ഭാഗമാണോയെന്നും ആരാഞ്ഞുകൊണ്ടാണ് ചൊവ്വാഴ്ച്ച ചീഫ് സെക്രട്ടറി ടോം ജോസിന് കത്ത് നൽകിയത്.

മുഖ്യമന്ത്രി ചികിത്സക്ക് പോകുന്നതുവരെ ഇത്തരമൊരു തീരുമാനം താനടക്കമുള്ള മന്ത്രിമാരാരും അറിഞ്ഞില്ല. പത്രദൃശ്യമാധ്യമപ്രവർത്തകർ വിളിച്ചപ്പോഴാണ് പൊതുഭരണവകുപ്പി‍​​െൻറ ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി ബാലൻ 'മാധ്യമ'ത്തോട് പറഞ്ഞു. മുഖ്യമന്ത്രി ഇത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകും.

പ്രളയാനന്തരം മാനസികമായി പിരിമുറക്കത്തിൽ ആണ്ടുപോയ തലമുറയെ തിരിച്ചുകൊണ്ടുവരുന്നതിനാണ് കലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ട്. അതിനാലാണ് ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊതുഭരണവകുപ്പി‍​​െൻറ ഉത്തരവി‍​​െൻറ തുടർന്ന് 23ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള സിനിമകളുടെ അപേക്ഷകൾ നിറുത്തിവെച്ചതായി സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഐ.എഫ്.എഫ്.കെ നടത്താത്ത പക്ഷം മൂന്ന് പ്രദേശിക ഫിലിം ഫെസ്റ്റിവലുകളും ദേശീയ ഫിലിം ഫെസ്റ്റിവലുകളും അക്കാദമിക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഴുകോടിയോളം രൂപയാണ് ചലച്ചിത്രമേളക്കായി ചെലവഴിക്കുന്നത്. മുഖ്യമന്ത്രി ചികത്സകഴിഞ്ഞ് മടങ്ങിയെത്തിയശേഷം മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ച നടത്താനാണ് സാംസ്കാരിക വകുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Tags:    
News Summary - ak balan write letter to chief secretary- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.