ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ടെന്ന് എ.കെ. ആന്‍റണി; പ്രശ്നങ്ങൾ ഹൈക്കമാൻഡ് പരിഹരിക്കുമെന്ന് താരിഖ് അൻവർ

ന്യൂഡൽഹി: കേരളത്തിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കാണാൻ കെ.പി.സി.സി നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിലെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇതുപ്രകാരം എട്ടാം തീയതി സംസ്ഥാനത്ത് എത്തുന്ന താരിഖ് അൻവർ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി വിഷയങ്ങൾ ചർച്ച ചെയ്യും.

കേരളത്തിലെ നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. ഉമ്മൻചാണ്ടി‍യും ചെന്നിത്തലയും അവരെ പിന്തുണക്കുന്നവരും കെ. സുധാകരനും വി.ഡി. സതീശനും പരസ്യ പ്രസ്താവനകൾ നടത്തുന്നുണ്ട്. പ്രശ്നങ്ങൾ പാർട്ടി ഫോറത്തിൽ പറയണമെന്നും പരിഹരിക്കാൻ ഇടപെടാമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടും നേതാക്കൾ പരസ്യ പ്രസ്താവന തുടരുകയാണ്.

അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളിൽ മധ്യസ്ഥതക്ക് ഇല്ലെന്ന നിലപാടാണ് പ്രവർത്തക സമിതിയംഗമായ എ.കെ. ആന്‍റണി ഹൈകമാൻഡിനെ അറിയിച്ചിട്ടുള്ളത്. കെ. സുധാകരൻ, വി.ഡി. സതീശൻ അടങ്ങുന്ന കെ.പി.സി.സി നേതൃത്വത്തെ പിന്തുണക്കുന്ന നിലപാടാണ് ആന്‍റണി സ്വീകരിച്ചിട്ടുള്ളത്. ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ട എന്നാണ് ആന്‍റണി ഹൈക്കമാൻഡിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.

Tags:    
News Summary - A.K. Antony said not to give in to Congress groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.