കോഴിക്കോട്: വിവാദ പി.എം ശ്രീ പദ്ധതിയിൽ പിണറായി സർക്കാറിനും സി.പി.എമ്മിനും എതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രത്തിൽ എ.ഐ.വൈ.എഫ് ലേഖനം. പി.എം ശ്രീ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത നിലവാര തകർച്ചയും ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണവുമാണെന്ന് സംസ്ഥാന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. എ.ഐ.വൈ.എഫ് സെക്രട്ടറി ടി.ടി. ജിസ്മോന്‍ 'പി.എം ശ്രീ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെക്കാനാരുമോ? ' തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്നത്.
കേരളത്തിന്‍റെ സർവാധിപത്യം ലക്ഷ്യം വെക്കുന്ന നയം പി.എം ശ്രീ പദ്ധതിയിലൂടെ ഒളിച്ചു കടത്തുന്നു. അതുകൊണ്ട് പി.എം ശ്രീക്കെതിരായ നിലപാട് മയപ്പെടുത്താൻ എ.ഐ.വൈ.എഫിന് സാധിക്കില്ല. വിദ്യാഭ്യാസത്തിന്റെ സാർവത്രിക സ്വഭാവത്തെ തീർത്തും അവഗണിച്ച് സംസ്ഥാന അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രത്തിന്റെ സർവാധിപത്യം ലക്ഷ്യം വക്കുന്ന നയം പി.എം ശ്രീയിലൂടെ ഒളിച്ചു കടത്തുകയും അതുവഴി ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങളെയെല്ലാം നിർമ്മൂലനം ചെയ്യാനുമുള്ള നീക്കമാണ് നടക്കുന്നത്.
വിദ്വേഷത്തിലധിഷ്ഠിതമായ ഫാഷിസ്റ്റുകളുടെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ ശാസ്ത്ര, ചരിത്രവിരുദ്ധമായ വസ്തുതകളെ പ്രതിഷ്ഠിച്ച് മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയാന്തരീക്ഷം ആർ.എസ്.എസിന് വേണ്ടി ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഒരുക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെക്കാനാകുമോ? പുന്നപ്ര വയലാർ സമരത്തിലേക്ക് പോകും മുമ്പ് സർ സി.പിയുമായി സഖാവ് ടി.വി. തോമസിന്റെ നേതൃത്വത്തിൽ 27 ഇന ആവശ്യങ്ങളുയർത്തി ചർച്ച നടക്കുകയുണ്ടായി. രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. സർ സി.പി കമ്യൂണിസ്റ്റ് നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം താൻ അംഗീകരിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യങ്ങൾ നിങ്ങൾ പിൻവലിക്കണമെന്നുമായിരുന്നു.
രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിച്ചാൽ സാമ്പത്തിക ആവശ്യങ്ങൾ എല്ലാം പിൻവലിക്കാമെന്നായിരുന്നു ടി.വി. തോമസിന്റെ മറുപടി. രോഷാകുലനായ സർ സി.പി അലറിക്കൊണ്ട് ‘നാലായിരം പട്ടാളക്കാരും എണ്ണായിരം പൊലീസുകാരും തനിക്കുണ്ടെ‘ന്ന് പറഞ്ഞു. ‘എങ്കിൽ നമുക്ക് കാണാം’ എന്ന് പറഞ്ഞ ധീരരായ കമ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണമെന്നും ലേഖനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.