തൃശൂർ: കാർഷിക സർവകലാശാല പെൻഷനേഴ്സ് ഫോറം നടത്തുന്ന സത്യഗ്രഹസമരം നാലു ദിവസം പിന്നിട്ടിട്ടും ചർച്ചക്കു തയാറാകാതെ വി.സിയടക്കമുള്ള അധികൃതർ. സമരപ്പന്തൽ ഭീഷണിപ്പെടുത്തി നീക്കിയതിനെ തുടർന്ന് സർവകലാശാല ആസ്ഥാനത്തെ പാർക്കിങ്ങിലും മറ്റുമായി സമരം തുടരുകയാണ് സി.പി.എം അനുകൂല സംഘടനയായ പെൻഷനേഴ്സ് ഫോറം. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പൊലീസ് കേസ് ഉണ്ടാകുമെന്ന് പറഞ്ഞ് പന്തൽ കരാറുകാരനെ ഭീഷണിപ്പെടുത്തിയാണ് സമരപ്പന്തൽ നീക്കിയത്. പന്തൽ ഇല്ലെങ്കിലും സമരം നടത്തുമെന്നും മന്ത്രിക്കടക്കം നിവേദനം നൽകിയിട്ടുണ്ടെന്നും സമരനേതാക്കൾ വ്യക്തമാക്കി. പെൻഷൻ ആനുകൂല്യങ്ങൾ, ഗ്രാറ്റ്വിറ്റി തുടങ്ങിയവ ആവശ്യപ്പെട്ടപ്പോൾ വി.സി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. മൂന്നു തവണ സൂചനാസമരം നടത്തിയിട്ടും ചർച്ചക്കുപോലും ക്ഷണിക്കാത്ത സാഹചര്യത്തിലാണ് പലവിധ രോഗങ്ങളുള്ള പെൻഷൻകാർക്ക് അനിശ്ചിതകാല സമരം ആരംഭിക്കേണ്ടിവന്നത്.
കുടിശ്ശിക ഉൾപ്പെടെ 110 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കാനുള്ളത്. സർക്കാർ എത്രയും വേഗം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നാലാം ദിവസത്തെ സമരം സി.ഐ.ടി.യു മണ്ണുത്തി ഏരിയ പ്രസിഡന്റ് ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുമായി കൃഷിമന്ത്രിയും ഒല്ലൂർ എം.എൽ.എ കൂടിയായ റവന്യൂ മന്ത്രിയും ചർച്ചചെയ്ത് പരിഹാരം കാണണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു. പി.എം. ശാരദ അധ്യക്ഷത വഹിച്ചു. സർവകലാശാലയിൽ വായ് മൂടിക്കെട്ടി പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.