അഗളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മെമ്മോക്ക് പുല്ലുവില

കോഴിക്കോട്: അനധികൃത നിർമാണത്തിന് അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോക്ക് പുല്ലുവില. അട്ടപ്പാടിയിലെ കാവുണ്ടിക്കൽ ആദിവാസി ഊരിൽ കെട്ടിട നിർമാണം തകൃതിയായി നടക്കുന്നുവെന്ന് വീഡിയോ ചിത്രം പുറത്ത വിട്ട് ആദിവാസികൾ പറയുന്നു. അനധികൃത നിർമാണത്തിന് ഒത്താശ ചെയ്യുന്നത് റവന്യൂവകുപ്പാണെന്നും ആദിവാസികൾ പറയുന്നു. അഗളി ഗ്രാമപഞ്ചായത്തും ഐ.ടി.ഡി.പിയും ഊരിൽ പരിശോധന നടത്തിയപ്പോൾ ആദിവാസികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.


ആദിവാസികളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാവുണ്ടിക്കൽ ഊരിലെ നിർമാണം പരിശോധിക്കുന്നതിന് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തിയത്. അദ്ദേഹം കാവുണ്ടിക്കൽ ഊരുലെത്തി അനധികൃത നിർമാണം നടക്കുന്ന സ്ഥലത്ത് പരിശോധന നടത്തി. ഗോകിലക്ക് അവകാശമുണ്ടെന്ന് വാദിക്കുന്ന സ്ഥലത്തെ നിർമാണം പ്രവർത്തനം അനധികൃതമാണെന്ന റിപ്പോർട്ടാണ് അസി.എഞ്ചിനീയർ ഗ്രാമപഞ്ചായത്തിന് നൽകിയത്.

അതിന്റെ അടിസ്ഥാനത്തിലാണ് ഗോകിലക്ക് സെപ്തംബർ 30ന് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയത്. നിർമാണം നടക്കുന്ന സ്ഥലം ഊരുഭൂമിയിൽ ഉൾപ്പെട്ടതാണോ എന്നത് സംബന്ധിച്ച് തഹസിൽദാറിൽനിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കാമെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോയിൽ രേഖപ്പെടുത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസീൽദാർക്ക് സെപ്തംബർ 30ന് ആദിവാസികളുടെ പരാതി ഉൾപ്പെടെ കൈമാറിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിൽ പറയുന്നത്.

അഗളി ഗ്രാമപഞ്ചായത്തിലെ അഗളി വില്ലേജിൽ കാവുണ്ടിക്കൽ ആദിവാസി ഊരിൽ അഞ്ച് ഏക്കറോളം ഊരുഭൂമിയുണ്ട്. അതിൽ റോഡിനോട് ചേർന്ന സ്ഥലം കൈയേറി നിർമാണം നടക്കുന്നുവെന്ന് കാവുണ്ടിക്കലിലെ ഊരുമൂപ്പൻ കെ.കെ ബാലകൃഷ്ണൻ ഐ.ടി.ഡി.പി ഓഫിസർക്ക് നൽകിയ പരാതി. തുടർന്ന് സെപ്തംബർ 22ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഊരു സന്ദർശിച്ചിരുന്നു. ഊരിലെ ആദിവാസികളുമായി ഭൂമി കൈയേറ്റം സംബന്ധിച്ച് അദ്ദേഹം ചർച്ച നടത്തി. മണ്ണാർക്കാട്- ആനക്കെട്ടി റോഡിനോട് ചേർന്ന ഊരുഭൂമിയിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമായി.

ഊരിലെ ആദിവാസികളും ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്നവരും തമ്മിൽ നിലവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് അദ്ദേഹം റിപ്പോർട്ട് ചെയ്തത്. കാവുണ്ടിക്കൽ ഊരിൽ ആകെ 192 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിനാൽ ഭൂമി കൃത്യമായി സർവേ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അട്ടപ്പാടി പ്രോജക്ട് ഓഫിസർ ഒക്ടോബർ 22ന് പാലക്കാട് കലക്ടർക്ക് കത്തെഴുതി.


 



എന്നാൽ ഗ്രാമപഞ്ചയത്ത് നൽകിയ സ്റ്റോപ്പ് മെമ്മോക്ക് കൈയേറ്റക്കാർ വില കൽപ്പിക്കുന്നില്ല. ഭൂമി കൈയേറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അഗളി തഹസീൽദാറാണ്. അദ്ദേഹം ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് ആദിവാസികൾ പറയുന്നത്. തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കേണ്ടത്. നിർമാണ പ്രവർത്തനം പൂർത്തീകരിച്ച ശേഷം തഹസീദാർ റിപ്പോർട്ട് സമർപ്പിച്ചിട്ട് കാര്യമില്ല.


 



അട്ടപ്പാടിയിലെ റവന്യൂ വകുപ്പിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും കൈയേറ്റങ്ങൾക്ക് കുടപിടിക്കുന്നുവെന്നാണ് ആദിവാസികളുടെ ആക്ഷേപം. ആദിവാസികൾ പരാതി നൽകിയാൽ റവന്യൂ വകുപ്പ് സമയബന്ധിതമായി അന്വേഷണം നടത്തില്ല. ആദിവാസികളുടെ പരാതികൾ പോലും അവർ പരിശോധിക്കാറില്ല എന്ന് ആദിവാസികൾ പറയുന്നു. ഐ.ടി.ഡി.പി ഓഫീസർ കലക്ടർക്ക് നൽകിയ കത്തിലും നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കുന്നതിനാലാണ് നിർമാണം മുന്നേറുന്നത്. ആദിവാസികളെ ഭയപ്പെടുത്തി ഭൂമി കൈയേറുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് കാവുണ്ടിക്കലിലെ സംഭവം. 

Tags:    
News Summary - Agli Grama Panchayat Secretary's memo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.