കോഴിക്കോട്: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പ്രതികരണത്തിന് മറുപടിയുമായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്. രോഹിത് വെമുല മൂവ്‌മെന്‍റ് ഉയർത്തിയ 'രോഹിത് ആക്ട്' നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രോഷം കൊള്ളുന്ന എസ്.എഫ്.ഐ, കേരളത്തിലെ തങ്ങളുടെ വീഴ്ചകൾക്ക് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രോഹിത് വെമുലയുടെ മരണം നടന്ന 2016 മുതൽ കേരളത്തിൽ ഭരണത്തിലിരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള ഇടത് സർക്കാരിന് ഈ നിയമം ഇവിടെ നടപ്പിലാക്കാൻ എന്തായിരുന്നു തടസ്സമെന്ന് അബ്ദുൽ വാഹിദ് ചോദിച്ചു. കലാലയങ്ങളിൽ വിവേചനം നേരിടുന്ന കീഴാള സമൂഹങ്ങൾ നിരന്തരമായി ഉന്നയിക്കുന്ന ഈ ആവശ്യത്തെ ബി.ജെ.പി സർക്കാർ അവഗണിക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ സർക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യാതൊരു പഠനമോ ഡാറ്റയോ ഇല്ലാതെ സവർണ്ണ സംവരണം നടപ്പിലാക്കാൻ കാട്ടിയ തിടുക്കം എന്തുകൊണ്ട് ജാതി വിവേചനത്തിനെതിരായ നിയമത്തിന്‍റെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നിതിൻ രാജ് അടക്കമുള്ള വിദ്യാർഥികളുടെ ജീവനെടുത്ത ജാതി ഭീകരതയെ സംരക്ഷിച്ചു നിർത്തിക്കൊണ്ടാണ് എസ്.എഫ്.ഐ വ്യാജ വാചകക്കസർത്തുകൾ നടത്തുന്നതെന്ന് അബ്ദുൽ വാഹിദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.