കൊച്ചി: സംഘർഷങ്ങൾക്കിടെ എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ രാജി സ്വീകരിച്ച സഭ നേതൃത്വം, പകരം ആർച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ മേജർ ആർച് ബിഷപ്പിന്‍റെ വികാരിയായി നിയമിച്ചു.
സഭയുടെ മേജർ ആർച്ബിഷപ്പും അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലാണ് നിയമനം നടത്തിയത്. നിലവിൽ തലശ്ശേരി അതിരൂപതയുടെ ആർച്ബിഷപ്പായ മാർ പാംപ്ലാനി ആ ചുമതലക്കൊപ്പമാണ് പുതിയ ചുമതലയും വഹിക്കുക. 2023 ഡിസംബർ ഏഴിനാണ് രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി മാർ പൂത്തൂർ നിയമിതനായത്. തുടർന്ന് 2024 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ അദ്ദേഹം നൽകിയ രാജിയാണ് ഇപ്പോൾ മാർപാപ്പ അംഗീകരിച്ചത്.
അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ രാജിവെച്ചതോടെ അതിരൂപത ഭരണച്ചുമതല മേജർ ആർച് ബിഷപ്പിനാണ്. ഈ സാഹചര്യത്തിൽ ഭരണനിർവഹണം നടത്താനാണ് മാർ പാംപ്ലാനിയെ നിയമിച്ചതെന്ന് സഭ നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സസ്പെൻഡ് ചെയ്തു.
21 വൈദികരിൽ നേതൃത്വം നൽകിയ ആറുപേർക്കാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ. സിറോ മലബാർ സഭ മേജർ ആർച്ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തെ സമരവേദിയാക്കാതെ പിരിഞ്ഞുപോകണമെന്ന സഭ സിനഡിന്‍റെ മുന്നറിയിപ്പ് അവഗണിച്ചതിനാണ് നടപടി. ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ജെറി ഞാളിയത്ത്, ഫാ. സണ്ണി കളപ്പുരയ്ക്കൽ, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. അലക്സ് കരീമഠം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരോടൊപ്പമുള്ള മറ്റു 15 വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സസ്പെൻഷനിലായ വൈദികർക്ക് ഇപ്പോൾ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാൻ കഴിയില്ലെന്ന് സഭ നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.