നടിയെ അപമാനിച്ച കേസിലെ പ്രതികളായ യുവാക്കൾ കസ്റ്റഡിയിൽ

കൊച്ചി: ഷോപ്പിങ് മാളിൽ നടിയെ അപമാനിച്ച കേസിൽ ആരോപണവിധേയരായ യുവാക്കൾ കസ്​റ്റഡിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെയാണ് കളമശ്ശേരി കുസാറ്റ്​ ജങ്​ഷനിൽവെച്ച്​ ഞായറാഴ്​ച രാത്രി ഒമ്പതോടെ കളമശ്ശേരി സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്​. പെരിന്തൽമണ്ണയിൽ​നിന്ന്​ കീഴടങ്ങാനായി എറണാകുളത്തേക്ക്​ വരികയായിരുന്നു പ്രതികൾ.

അതേസമയം, നടിയെ മനഃപൂർവം അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇവർ രാവിലെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലെത്തി കാര്യങ്ങൾ വിശദീകരിച്ച ഇവർ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും പിന്നീട് എവിടേക്കാണ് പോയതെന്ന് വ്യക്തമായില്ല. അറസ്​റ്റ്​ ചെയ്യാൻ കളമശ്ശേരി പൊലീസ് മങ്കടയിലെത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. പ്രതികളുടെ മൊബൈൽ ഫോൺ ഓഫായിരുന്നു.

പിന്നീട്​ ജാമ്യമെടുക്കാൻ ആളുകളുമായി എറണാകുളത്തേക്ക്​ പ്രതികൾ തിരിച്ചുവെന്ന വിവരം പൊലീസിന്​ ലഭിച്ചു. തൃശൂർ പാലിയേക്കര ടോൾ ഭാഗത്തുവെച്ച്​ കസ്​റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും കാർ തിരിച്ചറിയാനായില്ല. തുടർന്ന്​ കുസാറ്റ്​ ജങ്​ഷനിൽവെച്ച്​ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു.

നടിയെ സ്പർശിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തെറ്റിദ്ധരിച്ചതാകാമെന്നുമാണ് യുവാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്. വാർത്തകളിൽ തങ്ങളുടെ ദൃശ്യങ്ങൾ കണ്ട് ഞെട്ടലിലാണെന്നും മാപ്പുപറയാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു. ജോലിക്ക് വേണ്ടിയുള്ള ഇൻറർവ്യൂവിൽ പങ്കെടുക്കാനാണ് കൊച്ചിയിലെത്തിയത്. തിരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിൻ എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് മാൾ സന്ദർശിക്കാമെന്ന് തീരുമാനിച്ചത്.

മെട്രോയിൽ കയറി മാളിലെത്തിയപ്പോൾ, ഒരുകുടുംബം ഒപ്പംനിന്ന് ചിത്രം എടുക്കുന്നത് കണ്ടാണ് നടിയെ ശ്രദ്ധിച്ചത്. ശേഷം സമീപത്തെത്തി നടിയുടെ കൂടെയുണ്ടായിരുന്ന സഹോദരിയോട് സംസാരിച്ചു. ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് ചോദിച്ചപ്പോൾ നാല് സിനിമയിൽ അഭിനയിച്ചെന്ന് മറുപടി പറഞ്ഞു. മറുപടി സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിലായിരുന്നതിനാൽ തങ്ങൾ മടങ്ങിയെന്നും യുവാക്കൾ പറഞ്ഞു. അവരെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും യുവാക്കൾ വ്യക്തമാക്കി.

സംഭവം വലിയ വിവാദമായത് അറിഞ്ഞപ്പോൾ പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കണ്ട് നിയമോപദേശം തേടി. ഇങ്ങനെയാണ് തൽക്കാലം മാറിനിൽക്കാൻ തീരുമാനിച്ചത്. പിന്നീട് തിരിച്ചെത്തി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാമെന്ന് നിശ്ചയിച്ചു.

തനിക്ക് ഷോപ്പിങ് മാളിൽ നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസമാണ് യുവനടി ഇൻസ്​റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. വിവാദമായതോടെ കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദേശം നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇവർ സൗത്ത് റെയിൽ​േവ സ്​റ്റേഷനിൽനിന്ന്​ ജില്ലക്ക് പുറത്തേക്ക് പോയതായി പൊലീസ് സ്ഥിരീകരിച്ചത്. ഇതോടെ അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അതേസമയം, യുവാക്കൾ അപമര്യാദയായി പെരുമാറിയതിനാൽതന്നെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നടിയുടെ കുടുംബം പ്രതികരിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.