ഭരണ-പ്രതിപക്ഷ കക്ഷികളിലെ വൻതോക്കുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് അഭിഭാഷക സംഘടന

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഭരണ-പ്രതിപക്ഷ കക്ഷികളിലെ വൻതോക്കുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് അഭിഭാഷക സംഘടന. നേരായ രീതിയിലുള്ള തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ പത്രക്കുറിപ്പ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് രാഷ്ട്രീയ സമ്മർദത്തെ തുടർന്നു പിൻവലിക്കുകയും പിന്നീട് സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയിൽ മാത്രം പങ്കുവെക്കുകയുമായിരുന്നു.

സി.പി.ഐയുടെ ദേശീയ അഭിഭാഷക സംഘടനയാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ). സംസ്ഥാന പ്രസിഡന്‍റും കേരള ബാർ കൗൺസിൽ ചെയർമാനുമായ കെ.പി.ജയചന്ദ്രൻ, ജനറൽ സെക്രട്ടറി സി.ബി.സ്വാമിനാഥൻ എന്നിവരുടെ പേരിൽ തയാറാക്കിയ പത്രക്കുറിപ്പാണ് മാധ്യമങ്ങൾക്കു നൽകാതിരുന്നത്.

ദുബയ് കേന്ദ്രീകരിച്ചാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതൽ ഭരണ പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്റ്റുകൾ ശ്രമിച്ചു. പ്രതിയായ നടൻ, എം.എൽ.എ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോൺവിളികൾ പരിശോധിക്കണമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. രാജിവച്ച സ്പെഷൽ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐ.എ.എൽ വിമർശിക്കുന്നു.

കൂറുമാറാൻ സാധ്യതയുള്ള പ്രതിയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകരെ പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. പ്രതിയായ നടന് മാത്രം ജാമ്യം അനുവദിച്ചതും ഇയാൾക്ക് ഇടക്കിടെ വിദേശത്ത് പോകാൻ അനുവാദം ലഭിച്ചതും നിയമരംഗത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.