നടി ആക്രമണക്കേസ്​: മെമ്മറി ​കാർഡിന്‍റെ ഫോറൻസിക്​ പരിശോധനക്ക്​ ഹൈകോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച്​ ​ഫോറൻസിക്​ പരിശോധനക്ക്​ ഹൈകോടതി അനുമതി. മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന ആവശ്യം നിരസിച്ച വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത്​ പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് ഫോറൻസിക് പരിശോധനക്ക് ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസ്​ അനുമതി നൽകിയത്​. പ്രോസിക്യൂഷൻ ആവശ്യം തള്ളിയ എറണാകുളം അഡീ. സ്പെഷൽ സെഷൻസ് കോടതിയുടെ ഉത്തരവും​ സിംഗിൾബെഞ്ച്​ റദ്ദാക്കി.

വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് രണ്ടു ദിവസത്തിനകം ലാബിലേക്ക്​ അയക്കാൻ കോടതി നിർദേശിച്ചു. കാർഡ് ലഭിച്ച് ഏഴു ദിവസത്തിനകം പരിശോധന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനും മുദ്രവെച്ച കവറിൽ വിചാരണക്കോടതിക്കും നൽകണം. കേസിലെ തുടരന്വേഷണവും വിചാരണയും വൈകാതിരിക്കാൻ സമയക്രമം കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലാണ്​ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത്​ സംബന്ധിച്ച്​ ഫോറൻസിക് വിദഗ്​ധൻ വിചാരണക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയത്. മെമ്മറി കാർഡ് ഓരോ തവണ കൈകാര്യം ചെയ്യുമ്പോഴും ഹാഷ് വാല്യുവിൽ മാറ്റം വരും. ഫോറൻസിക് വിദഗ്​ധന്റെ റിപ്പോർട്ട്​ അനുസരിച്ചാണെങ്കിൽ ആരോ കാർഡ് അനധികൃതമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന്​ വ്യക്തമാണെന്നും ഇക്കാര്യം വിചാരണയിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഈയാവശ്യം ഉന്നയിച്ചത്.

എന്നാൽ, വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷൻ ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നതെന്നും കേസിന്റെ വിചാരണയുമായി ഹാഷ് വാല്യു മാറ്റത്തിന് ഒരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകൻ ആവശ്യത്തെ എതിർത്തു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഫോറൻസിക് പരിശോധന അനിവാര്യമാണെന്നും ആക്രമണത്തിന്​ ഇരയായ നടിയും ആവശ്യപ്പെട്ടു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിചാരണവേളയിൽ ചോദ്യമുയർന്നാൽ ഉത്തരം നൽകാൻ പരിശോധനഫലം അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വിശദീകണം പരിഗണിച്ചാണ്​ ഫോറൻസിക് പരിശോധനക്ക്​ കോടതി അനുമതി നൽകിയത്​. 

Tags:    
News Summary - Actress attack case: High Court allows forensic examination of memory card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.