നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കാൻ ദിലീപിന്‍റെ ഹരജി ഹൈകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിനെതിരെ നടൻ ദിലീപ്​ ഹൈകോടതിൽ. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന തോന്നലുണ്ടായതോടെയാണ്​ വ്യാജതെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നതെന്നും ഇത്​ റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്​ തന്നോടുള്ള വ്യക്തിവിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്ന്​ ഹരജിയിൽ ആരോപിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന്​ തനിക്കെതിരെ പരാതി നൽകിയതും ബൈജു പൗലോസാണ്​. പരാതിക്കാരനായ ഉദ്യോഗസ്ഥൻ നടത്തുന്ന തുടരന്വേഷണം നീതിയുക്തമാകില്ല. വധഗൂഢാലോചനക്കേസിൽ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത്​ ബൈജു ചെങ്ങമനാട് എന്നിവരെയും പ്രതിചേർത്തത്​ തന്നോടുള്ള വൈരാഗ്യത്തിലാണ്.

തുടര​ന്വേഷണത്തിന്​ വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പുതന്നെ ഇദ്ദേഹം സ്വന്തം നിലക്ക്​ അന്വേഷണം തുടങ്ങിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ ആറു മാസം ആവശ്യപ്പെട്ടത് നടിയെ അക്രമിച്ച കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിന്‍റെ തെളിവാണെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Actress attack case: Dileep in high court seeking stay of further probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.