കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങും. ആദ്യ ഘട്ടത്തിൽ 36 സാക്ഷികളെ വിസ്തരിക്കും. സാക്ഷിപട്ടികയിലുള്ള മഞ്ജുവാര്യർ, ജിൻസൻ, സാഗർ വിൻസന്റ് എന്നിവരെ തൽകാലം വിസ്തരിക്കില്ല.
മുമ്പ് വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വീണ്ടും വിസ്തരിക്കണമെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കണം. സാക്ഷികൾക്ക് സമൻസ് അയച്ചു. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിചാരണ കോടതി തള്ളിയിരുന്നു. കേസിൽ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രമേനോന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.