നടിയെ ആക്രമിച്ച കേസ്: ഗണേഷ്കുമാറിന്‍റെ സെക്രട്ടറി പ്രദീപ്കുമാറിനെ കസ്റ്റഡിയിൽ വിട്ടു

കാസർഗോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ കസ്റ്റഡിയില്‍ വിട്ടു. പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും ഭീഷണി കത്തുകളുമായി ബന്ധപ്പെട്ട തെളിവുകളും ശേഖരിക്കാനുണ്ടെന്നായിരുന്നു  പൊലീസിന്‍റെ ആവശ്യം. ഇത് പരിഗണിച്ച് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ചൊവ്വാഴ്ച രാത്രി റിമാൻഡ് ചെയ്ത പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും കൊട്ടാരക്കര ഉൾപ്പടെയുളള സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

ഇന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു പോകും. ഓരോ 48 മണിക്കൂറിലും വൈദ്യ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കസ്റ്റഡി പൂർത്തിയാക്കി ഞായറാഴ്ച വൈകിട്ട് 3.30 ന് പ്രദീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം.

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷി വിപിൻലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാർ എം.എൽ.എ യുടെ വസതിയിൽ നിന്ന് ഓഫീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും പ്രദീപിന്‍റെ പങ്ക് തെളിഞ്ഞിരുന്നു. പ്രദീപിൻ്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT