കൊച്ചി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാൻ ഹരജി നൽകുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്.എച്ച്.ഒ) കക്ഷി ചേർക്കണമെന്ന് ഹൈകോടതി. യഥാർഥ ഹരജിക്കാർ തന്നെയെന്ന് ഉറപ്പാക്കാൻ ഹരജിക്കാരൻ താമസിക്കുന്ന സ്ഥലത്തെ എസ്.എച്ച്.ഒ കക്ഷിയാണെന്ന് ഉറപ്പാക്കണമെന്നും ഹരജിക്കാരന്റെ വിലാസം ഉറപ്പാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. സ്വമേധയ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവ്.
സൈബർ തട്ടിപ്പിന് ഉപയോഗിച്ചതിന്റെ പേരിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാൻ ക്രൈം സിൻഡിക്കേറ്റ് പ്രവർക്കുന്നുവെന്ന സംശയം ഹൈകോടതി സിംഗിൾ ബെഞ്ച് നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഹരജിക്കാരന്‍റെ വിശ്വാസ്യത ഉറപ്പാക്കാൻ എസ്.എച്ച്.ഒ.യുടെ സത്യവാങ്മൂലമടക്കം വേണമെന്ന് ഡിവിഷൻബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ഉത്തരവ് പൊലീസ് മേധാവിക്ക് തുടർ നടപടിക്കായി അയച്ചുകൊടുക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.