റവന്യൂ ഭൂമി കൈയേറി സ്ഥാപിച്ച അനധികൃത വൈദ്യുതി വേലി വനം വകുപ്പ് നശിപ്പിക്കുന്നു
ആനകളുടെ സഞ്ചാരപാതകൾ തിരിച്ചുപിടിച്ച് വനം, റവന്യൂ വകുപ്പുകൾ
തൊടുപുഴ: മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആനകളുടെ പരമ്പരാഗത സഞ്ചാരപാതകൾ തിരിച്ചുപിടിക്കാൻ സംയുക്ത നീക്കവുമായി വനം-റവന്യൂ വകുപ്പുകൾ.
മൂന്നുമാസത്തിനിടെ ഇടുക്കിയിൽ മൂന്നുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുത്തിയ അനധികൃത നിർമിതികൾ ഉടൻ പൊളിച്ചുനീക്കാൻ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടതിന് പിന്നാലെയാണ് ഒഴിപ്പിക്കലടക്കമുള്ള നടപടികൾ ആരംഭിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ മതികെട്ടാനിലേക്കുള്ള ആനകളുടെ സഞ്ചാരപാതയിലെ കൈയേറ്റങ്ങൾ വനം വകുപ്പ് ഒഴിപ്പിച്ചു തുടങ്ങി. ചിന്നക്കനാലിൽ നിർദിഷ്ട സംരക്ഷിത വനത്തിന്റെ ഭാഗമായ 10 ഹെക്ടർ സ്ഥലത്തെ കൈയേറ്റവും ഒഴിപ്പിച്ചു. ചിന്നക്കനാലിലെ ചില വൻകിട റിസോർട്ടുകളടക്കം സ്ഥിതിചെയ്യുന്നത് ആനകളുടെ സഞ്ചാര പാതയിലാണെന്നാണ് വനം വകുപ്പ് റിപ്പോർട്ട്. കൂടാതെ അനധികൃത കൃഷി സംരക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുത വേലികൾ, ഏലകൃഷി എന്നിവയും ആനകളുടെ സ്വൈര്യ സഞ്ചാരത്തിന് തടസ്സമാണ്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി സമീപ പുൽമേട്ടിലേക്കും വനപ്രദേശങ്ങളിലേക്കും പോകാൻ വഴിയില്ലാതായതോടെ ചിന്നക്കനാലിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടുണ്ട്.
അതേസമയം, കലക്ടറുടെ ഉത്തരവിന് പിന്നാലെ ആനകൾ ഇറങ്ങിവരുന്നത് തടയാൻ സ്ഥാപിച്ച വേലികൾ പൊളിക്കുന്നത് മനുഷ്യജീവൻ ഇല്ലാതാക്കുന്നതാണെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികളും ഇടുക്കി രൂപതയും കർഷക സംഘടനകളും രംഗത്തുണ്ട്. ഉത്തരവിനെ പിന്തുണച്ച് പത്തോളം പരിസ്ഥിതി സംഘടനകളും കലക്ടർക്ക് അനുകൂലമായി രംഗത്തു വന്നതോടെ വിവാദമായി.
ആനകൾക്ക് മൂന്ന് സഞ്ചാര പാതകളാണ് ഇടുക്കിയിലുള്ളതെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പഴയ ദേവികുളം, സൂര്യനെല്ലി, മതികെട്ടാൻ എന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്. ഇതിൽ ചിന്നക്കാനാലിൽനിന്ന് മതികെട്ടാനിലേക്ക് ആനകൾ സഞ്ചരിച്ചിരുന്ന പാത അടഞ്ഞ നിലയിലാണ്. ഇത് തുറക്കുകയാണ് പ്രഥമ ദൗത്യമെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴയ ദേവികുളം ഭാഗത്തേക്കുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമായി അഞ്ചോളം ഏലം എസ്റ്റേറ്റുകളും റിസോർട്ടുകളുമുണ്ട്. സൂര്യനെല്ലി ഭാഗത്തേക്കുള്ള പാതയിലും റിസോർട്ടുകളും ശക്തമായ വെളിച്ചവുമൊക്കെ ആനകൾക്ക് തടസ്സമാകുന്നുവെന്നാണ് വനം വകുപ്പ് കണ്ടെത്തൽ.
ചിന്നക്കനാലിലെ ഭൂമി കൈയേറിയ ചിലരെയാണ് ഇത് ബാധിക്കുകയെന്നും അത്തരം നിർമിതികളെല്ലാം പൊളിപ്പിക്കുമെന്നും ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ വനം വകുപ്പിന്റെ നടപടികൾക്ക് വേഗം കൂടി. ആനകളുടെ സഞ്ചാര പാതയിൽ തടസ്സമായ അനധികൃത നിർമിതികളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ വനം, റവന്യൂ വകുപ്പുകൾ ശേഖരിക്കുകയാണ്. ഇവർക്ക് വനംവകുപ്പും കലക്ടറും നോട്ടീസ് നൽകും.
അതിനിടെ ചിന്നക്കനാലിലെ ആനത്താരയിൽ എ.കെ. ആന്റണി സർക്കാറിന്റെ കാലത്ത് കുടുംബങ്ങളെ പുനരധിവസിപ്പിച്ചതുമായി ബന്ധപ്പെട്ട വനം മന്ത്രി ഷിബു ബേബി ജോണിന്റെ പരാമർശവും വിവാദമായി. ആനയിറങ്കലിൽ 301 കുടുംബങ്ങൾക്ക് പട്ടയം നൽകിയതിൽ മുൻ ഡി.എഫ്.ഒ പ്രകൃതി ശ്രീവാസ്തവക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി മന്ത്രി ഫയൽ നോക്കണമെന്നും കാര്യങ്ങൾ മുഴുവൻ വായിക്കണമെന്നും അത് ആനത്താരയാണെന്നും കുടുംബങ്ങളെ അവിടേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടതായി പ്രകൃതി ശ്രീവാസ്തവ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.