ദുബൈ: രാജ്യംവിട്ട സ്ഥിതിക്ക് ബിനോയ് കോടിയേരിയെ യു.എ.ഇയിലെത്തിച്ച് നിയമനടപടി സ്വീകരിക്കൽ എളുപ്പമല്ലെന്ന് നിയമവിദഗ്ധർ. ചെക്ക് കേസിലെ പ്രതിയെ ഇൻറർപോൾ മുഖേന ഇന്ത്യയിൽനിന്ന് യു.എ.ഇയിലെത്തിക്കൽ സാധ്യമല്ലെന്നുതന്നെയാണ് നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. അതിനാലാണ് ബിനോയിക്കെതിരെ ബന്ധപ്പെട്ടവർ പാർട്ടിതലത്തിൽ പരാതി നൽകി രാഷ്ട്രീയ സമ്മർദത്തിന് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ബിനോയ് സ്വന്തം നിലയിൽ ഒപ്പിട്ടുനൽകിയ ചെക്കാണ് പണമില്ലാതെ മടങ്ങിയതെങ്കിൽ പ്രതിയുടെ നാട്ടിൽ സിവിൽ കേസ് ഫയൽചെയ്യാൻ സാധിക്കുമെന്ന് ദുബൈയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ആഷിഖ് വ്യക്തമാക്കി. എന്നാൽ, ക്ലിപ്ത ബാധ്യതയുള്ള കമ്പനിയുടെ (എൽ.എൽ.സി) പേരിലുള്ള ചെക്കാണെങ്കിൽ യു.എ.ഇയിൽ കമ്പനിക്കുള്ള ആസ്തിക്ക് അനുസൃതമായി മാത്രമേ ജപ്തി നടപടികളും മറ്റും എടുക്കാനാകൂ. വ്യക്തിക്കെതിരെ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം ഒത്തുതീർപ്പാക്കി ബിനോയ് കോടിയേരിയിൽനിന്ന് പണം തിരിച്ചുവാങ്ങാൻ നേരത്തേ തന്നെ നിരവധി ശ്രമങ്ങൾ ജാസ് ടൂറിസം കമ്പനി നടത്തിയിരുന്നു. എന്നാൽ, വാഗ്ദാനം ചെയ്യപ്പെട്ടപോലെ പണം മടക്കിക്കിട്ടാത്തതിനാലാണ് സംഭവം സി.പി.എം ദേശീയ നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി രാഷ്ട്രീയ സമ്മർദത്തിലൂടെ പരിഹാരത്തിന് ശ്രമിക്കുന്നത്.
ജാസി’ലേക്ക് ഫോൺ പ്രവാഹം
ദുബൈ: സി.പി.എം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി യു.എ.ഇയിൽനിന്ന് മുങ്ങിയതായ പരാതി പുറത്തുവന്നതോടെ പരാതി നൽകിയ ദുബൈയിലെ ജാസ് ടൂറിസം സ്ഥാപനത്തിലേക്ക് ഫോൺ പ്രവാഹം. ടൂർ പാേക്കജുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി പറയുന്ന ജീവനക്കാർക്ക് കേസിെൻറ നിജഃസ്ഥിതി ചോദിച്ചും സ്ഥാപനത്തിെൻറ പാർട്ണറും മലയാളിയുമായ രാഹുൽ കൃഷ്ണനെ തിരക്കിയുമുള്ള േഫാണുകൾ നിരവധിയാണ് ബുധനാഴ്ച ലഭിച്ചത്. സംഭവം പുറത്തുവന്നതോടെ നിരവധി മലയാളികളും മാധ്യമപ്രവർത്തകരും ജാസ് ടൂറിസം ഒാഫിസുമായി ബന്ധപ്പെട്ടു.
അതിനിടെ, സ്ഥാപനം പരാതി നൽകിയതായി ജാസ് ടൂറിസം ജീവനക്കാർ സ്ഥിരീകരിച്ചു. രാഹുൽ കൃഷ്ണൻ ഇന്ത്യയിലാണെന്ന് പറഞ്ഞ ഇവർ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ദുബൈ നാഇഫിൽ അൽ ഖലീജ് സെൻററിന് എതിർവശത്താണ് സ്ഥാപനം. ഒൗഡി കാർ വാങ്ങാൻ 53.61 ലക്ഷം രൂപയും യു.എ.ഇ, സൗദി, ഇന്ത്യ, നേപ്പാൾ രാജ്യങ്ങളിലെ ബിസിനസിന് 7.7 കോടി രൂപയും വായ്പ വാങ്ങി തിരിച്ചുനൽകാതെ മുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുപുറമെ കോടതിച്ചെലവും ബാങ്ക് പലിശയുമടക്കം 13 കോടി രൂപ ബിനോയ് കോടിയേരിയിൽനിന്ന് കിട്ടാനുണ്ടെന്നാണ് സ്ഥാപനം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.