കൊട്ടിയം: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒരു യുവാവിനും പരിക്കേറ്റു. ബസ് ഡ്രൈവർ മലപ്പുറം മലയാമ്മ കല്ലിൽപുറത്ത് വീട്ടിൽ അബ്ദുൽ അസീസ് (47), കണ്ടക്ടർ കോഴിക്കോട് താമരശ്ശേരി തെക്കേപുത്തൻപുരയിൽ ടി.പി. സുഭാഷ് (38), ലോറി ഡ്രൈവർ ചെങ്കോട്ട പുളിയറ കേശവപുരം നാരായണസ്വാമി കോവിൽ സ്ട്രീറ്റിൽ ഗണേശൻ (32) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച ആറോടെ ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് കിഴക്ക് പാലം അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. താമരശ്ശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് തിരുനൽവേലിയിൽനിന്ന് മാവ് കയറ്റി കൊല്ലത്തേക്ക് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ബസ് കണ്ടക്ടർ തൽക്ഷണം മരിച്ചു. മറ്റ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുൻവശം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.
പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള പനമ്പള്ളി സ്വദേശി എലിസബത്ത് (47), കടയ്ക്കാവൂർ സ്വദേശി അൽഫോൺസ് (60) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ അനൂഷ് (20), അക്ഷിത (21), ഷെമീർ (20), രാജു എന്നിവർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പലരും പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. സുപ്പയ്യാനമ്പ്യാരുടെയുടെയും അരുണാചലത്തിെൻറയും മകനാണ് മരിച്ച ഗണേശൻ. ഭാര്യ: ശരണ്യ. മകൾ: പ്രീതി. അബ്ദുൽ അസീസിെൻറ ഭാര്യ മുനീറ. നാല് മക്കളുണ്ട്. അശ്വതിയാണ് സുഭാഷിെൻറ ഭാര്യ. നാലു വയസ്സുകാരി അനുഷ്കയാണ് ഏക മകൾ.
കാതടപ്പിക്കുന്ന ശബ്ദം, പിന്നാലെ കൂട്ടക്കരച്ചിൽ
കൊട്ടിയം: വാഹനങ്ങൾ കൂട്ടിയിടിച്ചതിെൻറ കാതടപ്പിക്കുന്ന ശബ്ദവും കൂട്ടക്കരച്ചിലും കേട്ടാണ് ഇത്തിക്കര നിവാസികൾ തിങ്കളാഴ്ച ഉറക്കമുണർന്നത്. ഓടിയെത്തിയ നാട്ടുകാരും വഴിയാത്രക്കാരും കണ്ടത് ലോറിയിലും ബസിലുമായി കുടുങ്ങിക്കിടക്കുന്നവരെയും പുറത്തിറങ്ങാനാകാതെ നിലവിളിക്കുന്നവരെയുമാണ്. ഒട്ടും സമയം കളയാതെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ബസിെൻറ മുന്നിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും കണ്ടക്ടറെയുമാണ് ആദ്യം പുറത്തെടുത്തത്. ഡ്രൈവർക്ക് ജീവനുണ്ടായിരുന്നു. പിന്നീട്, ബസിെൻറ പിൻവശത്തെ ഗ്ലാസ് തകർത്ത് പരിക്കേറ്റവരെ ഓരോരുത്തരെയായി പുറത്തെത്തിച്ചു.
അപ്പോഴേക്കും കൊല്ലം സിറ്റി പൊലീസ് കമീഷണർ അരുൾ ബി. കൃഷ്ണ, ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, ജി.എസ്. ജയലാൽ എം.എൽ.എ, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ്നാഥ്, ചാത്തന്നൂർ എസ്.ഐ നിസാർ, കൊട്ടിയം എസ്.ഐ അനൂപ് എന്നിവരും പരവൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമനസേനയും ക്രെയിനും എക്സ്കവേറ്ററും ആംബുലൻസും എത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതോടെ താമരശ്ശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിൽ കൊല്ലത്തുനിന്ന് കയറിയവരൊഴികെ മറ്റെല്ലാവരും ഉറക്കത്തിലായിരുന്നു. പലരുടെയും മുഖത്തിനും തലക്കുമാണ് പരിക്കേറ്റത്. അപകട ദൃശ്യങ്ങൾ ഇത്തിക്കര പാലത്തിനടുത്തെ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചു. ബസിെൻറ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയുന്നുണ്ടെങ്കിലും മറ്റേതെങ്കിലും വാഹനം തെറ്റായ ദിശയിൽ കയറി വേന്നാെയന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിലായ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ദേശീയപാതയിലൂടെ ഒഴുകി.
ബസപകടം: ഇത്തിക്കരയാർ കടന്നത് രക്ഷയായി
കൊട്ടിയം: ലോറിയിൽ ഇടിക്കുന്നതിന് സെക്കൻഡുകൾക്ക് മുമ്പാണ് ബസ് നിയന്ത്രണം വിട്ടതെങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ ദുരന്തം. ദേശീയപാതയിൽ ഇത്തിക്കര പാലം കഴിഞ്ഞപ്പോഴാണ് ബസ് ലോറിയിൽ ഇടിച്ചത്. പാലത്തിലിടിച്ച് ബസ് ഇത്തിക്കര ആറ്റിലേക്ക് വീണിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
ഇത്തിക്കര മുതൽ ചാത്തന്നൂർ തിരുമുക്ക് വരെയുള്ള ഭാഗത്ത് അപകടങ്ങളും അപകടമരണങ്ങളും പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മേഖലയിൽ അപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ചുരുക്കമാണെന്ന് നാട്ടുകാർ പറയുന്നു. ശിവഗിരി തീർഥാടകസംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതും സ്കൂട്ടർ യാത്രക്കാരായ നാലംഗകുടുംബം അപകടത്തിൽപെട്ട് മരിച്ചതും ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകൻ അപകടത്തിൽപെട്ടതും ഇവിടെ അടുത്തടുത്തായിരുന്നു. കഴിഞ്ഞ ദിവസവും തിരുമുക്കിൽ സൂപ്പർ ഫാസ്റ്റ് ബസ് ടിപ്പറുമായി കൂട്ടി ഇടിച്ചിരുന്നു. ദേശീയപാതയിലെ അപകടസാധ്യത കൂടിയ ഈ മേഖലയിൽ റോഡിന് മധ്യഭാഗത്ത് ഡിവൈഡറുകൾ ഉണ്ടെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയാലും വണ്ടി ഡിവൈഡറിൽ ഇടിച്ച് നിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
അപകടസ്ഥലത്തേക്ക് മന്ത്രിമാർ ഓടിയെത്തി
കൊട്ടിയം: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, കെ എസ്.ആർ.ടി.സി എം.ഡി. ടോമിൻ ജെ. തച്ചങ്കരി എന്നിവരെത്തി. ജി.എസ്. ജയലാൽ എം.എൽ.എയോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രിമാർ സിറ്റി പൊലീസ് സൂപ്രണ്ടിനോട് വിവരങ്ങൾ അന്വേഷിച്ച ശേഷം ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു. പരിക്കേറ്റവർക്കാവശ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാക്കാൻ നിർദേശിച്ചു. അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച ശേഷമാണ് മന്ത്രി എ.കെ. ശശീന്ദ്രൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.