വർക്കല: കോളജ് വിദ്യാർഥികൾ ഒാടിച്ച കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് അതേ കോളജിലെ വിദ്യാർഥിനി മരിച്ചു. ചാവർകോട് സി.എച്ച്.എം.എം കോളജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി കടയ്ക്കാവൂർ ശ്രീരാഗത്തിൽ മീര മോഹൻ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ചാവർകോട് ജങ്ഷനിൽനിന്ന് നൂറു മീറ്റർ മാറി വേങ്കോട് റോഡിലാണ് അപകടമുണ്ടായത്. മീരയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ശേഷം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് മരിച്ചത്.
ആറാം സെമസ്റ്ററിലെ പ്രോജക്ട് സമർപ്പിക്കാൻ സ്കൂട്ടറിൽ കോളജിലേക്ക് വരികയായിരുന്നു മീര. കോളജിനുള്ളിൽനിന്ന് ജങ്ഷനിലേക്ക് വന്ന കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സി.എച്ച്.എം.എം കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂട്ടറിൽ ഇടിച്ചശേഷം റോഡരികിലെ കോൺക്രീറ്റ് സ്ലാബ് ഇടിച്ച് തെറുപ്പിച്ച കാർ ഓടയിൽ വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ കാറിൽ ഏഴുപേർ ഉണ്ടായിരുന്നെന്നും രണ്ടുപേർ ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുെവച്ച് അയിരൂർ പൊലീസിൽ ഏൽപ്പിച്ചു. പ്രവാസിയായ മോഹനാണ് മീരയുടെ പിതാവ്. മാതാവ്: അനിത. ഏക സഹോദരി താര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.