അരൂർ-തുറവൂർ ദേശീയ പാതയിൽ പിക്കപ് വാനിനു മുകളിൽ ഗർഡർ വീണ നിലയിൽ. ഉൾചിത്രത്തിൽ മരിച്ച രാജേഷ്

അരൂർ-തുറവൂർ ദേശീയ പാത നിർമാണത്തിനിടെ പിക്കപ് വാനിനു മുകളിൽ ഗർഡർ വീണു, ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: പിക്കപ് വാനിനു മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. അരൂർ-തുറവൂർ ദേശീയ പാത നിർമാണത്തിനിടെ പുലർച്ചെ രണ്ടോടെ ചന്തിരൂരിലാണ് അപകടം.

ആലപ്പുഴ സ്വദേശി രാജേഷാണ് മരിച്ചത്. ക്രെയിനുപയോഗിച്ച് ഗർഡറുകൾ നീക്കി വാഹനം വെട്ടി മുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തലയില്‍നിന്നു രക്തമൊഴുകിയ നിലയിലായിരുന്നു രാജേഷിനെ പുറത്തെടുത്തത്. ഗര്‍ഡര്‍ ഉയര്‍ത്തുന്ന സമയത്ത് തന്നെ അടിയില്‍ കൂടി വാഹനങ്ങള്‍ കടത്തിവിട്ടുവെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചത്. നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇത്ര ഭീകരമായ അപകടം ആദ്യമായാണ് സംഭവിക്കുന്നത്.

80 ടണ്‍ ഭാരമുള്ള രണ്ട് ഗര്‍ഡറുകളാണ് നിലംപതിച്ചത്. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. 12.75 കിലോമീറ്റര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ഗര്‍ഡറുകള്‍ ജാക്കിയില്‍നിന്നു തെന്നിയാണ് നിലംപതിച്ചത്. എറണാകുളത്തുനിന്നു പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രെയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കിയ ശേഷമാണ് പിക്കപ്പ് വാന്‍ പുറത്തെടുത്തത്.

അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. അരൂർ-തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. ചേർത്തല എക്സറെ ജങ്ഷനിൽനിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.

Tags:    
News Summary - accident death in aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.