തൃശൂർ: സാഹിത്യ അക്കാദമി അബദ്ധ പഞ്ചാംഗമായി പ്രസിദ്ധീകരിച്ച് പുറത്തിറക്കാൻ കഴിയാതെ ഒടുവിൽ പിൻവലിക്കാൻ തീരുമാനിച്ച 'മലയാള സാഹിത്യ ചരിത്ര'ത്തിന്റെ പേരിൽ നടന്നത് ലക്ഷങ്ങളുടെ കൊള്ളയെന്ന് കണ്ടെത്തൽ. സർക്കാറിന്റെ ധനകാര്യ വിഭാഗവും വിജിലൻസും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
പ്രവർത്തനങ്ങൾക്ക് സുതാര്യതയില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ധനകാര്യ വിഭാഗം കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടിക്ക് സാംസ്കാരിക വകുപ്പ് സാഹിത്യ അക്കാദമിക്ക് നിർദേശം നൽകി.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പെരുമ്പടവം ശ്രീധരൻ പ്രസിഡന്റും ആർ. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായ ഭരണസമിതിയാണ് മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഒമ്പത് വാല്യങ്ങളിലായി സമ്പൂർണ സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് 80 ലക്ഷം രൂപ വകയിരുത്തി. 27 ലക്ഷം ചെലവിട്ടാണ് ആറ് വാല്യങ്ങൾ പുറത്തിറങ്ങിയത്. ആകെ 6000 കോപ്പിയാണ് അച്ചടിച്ചത്. പിഴവുകളുണ്ടെന്ന ആക്ഷേപമുയർന്നതോടെ അച്ചടി നിർത്തി. പിന്നീട് വൈശാഖൻ പ്രസിഡന്റായി വന്ന ഭരണസമിതി പിഴവുകൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുകയും സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. തെറ്റ് തിരുത്തി പ്രസിദ്ധീകരിക്കുകയോ മറ്റൊന്ന് തയാറാക്കുകയോ മാത്രമാണ് ചെയ്യാനുള്ളതെന്ന് സമിതി ശിപാർശ ചെയ്തിരുന്നു.
ഇതോടെ പുസ്തകം വിൽപനക്കയക്കാതെ മാറ്റിവെച്ചു. ജനറൽ എഡിറ്ററെ തീരുമാനിച്ചത് മുതൽ ലേഖകരെ കണ്ടെത്തിയതിലും പ്രതിഫലം നിശ്ചയിച്ചതിലും വരെ മാനദണ്ഡം പാലിച്ചിട്ടില്ലെന്നാണ് ധനകാര്യ വിഭാഗത്തിന്റെയും വിജിലൻസിന്റെയും കണ്ടെത്തൽ. വാള്യത്തിന് അര ലക്ഷം വീതമാണ് ജനറൽ എഡിറ്റർക്ക് നൽകിയത്. ലേഖകർക്ക് ഒരു എ ഫോർ ഷീറ്റിന് 500 രൂപ കണക്കാക്കി അനുവദിച്ചു.
ഡി.ടി.പി സെറ്റിങ്ങിന് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിനും അച്ചടി എറണാകുളത്തെ പ്രസിലുമാണ് നൽകിയത്. ഇതിനൊന്നും ടെൻഡർ പാലിച്ചിട്ടില്ല. 40 ലക്ഷം രൂപയോളമാണ് ഇത്തരത്തിൽ ചെലവിട്ടത്. വിവിധ ഇനിങ്ങളിലായി നിരവധി പേർക്ക് ഇനിയും തുക നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.