കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിനി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ നേരത്തേ അറസ്റ്റിലായ നെട്ടൂർ സ്വദേശി സൈഫുദ്ദീൻ എന്ന സെയ്ഫു (27), മട്ടാഞ്ചേരി സ്വദേശികളായ അനസ് (31), നവാസ് (39), പനയപ്പിള്ളി സ്വദേശി ജിഫ്രിൻ (27) എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഇൗമാസം 19 വരെ കസ്റ്റഡിയിൽ വിട്ടത്. കേസിലെ 17 മുതൽ 20 വരെയുള്ള പ്രതികളാണ് ഇവർ. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്താൻ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പൊലീസിെൻറ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
നേരത്തേ രണ്ട് മുതൽ നാല് വരെ പ്രതികളായ കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ വീട്ടിൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ വീട്ടിൽ റിയാസ് ഹുസൈൻ (37)എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
യു.എ.പി.എയുടെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം അവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും ഡി.ജി.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആവശ്യമായ തെളിവില്ലെന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയ സാഹചര്യത്തിൽ യു.എ.പി.എ ചുമത്തില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ ധിറുതിപിടിച്ച് യു.എ.പി.എ ചുമത്തുന്നതിന് സി.പി.എമ്മും എതിരാണ്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിെൻറ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.