??????? (??? ??????)

ആധിവ്യാധികളകറ്റാൻ ഇത്തവണ ആടിവേടനെത്തില്ല

ചെറുവത്തൂർ (കാസർകോട്): കർക്കടക മാസത്തിലെ ആധിവ്യാധികളകറ്റാൻ ഇത്തവണ ആടിവേടനും എത്തില്ല. ഉത്തരമലബാറിലെ വീടുകളിൽ എത്തുന്ന കർക്കടക തെയ്യങ്ങളാണ് ആടിവേടൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ആടിവേടനും ഗ്രാമമൊഴിയുക. ഗ്രാമവഴികളിൽ ചിലങ്കകൾ കിലുക്കി നടന്നുവരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തി​​െൻറ പ്രതീകമായിരുന്നു.

ആടിവേടനാണ് കര്‍ക്കടക തെയ്യങ്ങളില്‍ പ്രധാനം. മലയ സമുദായത്തിലുള്ളവരും വണ്ണാന്മാരും കെട്ടിയാടുന്ന തെയ്യങ്ങളാണ് വടക്കെ മലബാറിലെ പ്രധാന കർക്കടക തെയ്യങ്ങൾ. ഇതിനൊപ്പം മംഗലാപുരത്ത് നിന്നുള്ള നളിക്കത്തായ സമുദായത്തിൽപ്പെട്ടവരുടെ ഗളിഞ്ചൻ തെയ്യവുമെത്തും. ഒാരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തെയ്യക്കോലമണിയുന്നു. മഹാഭാരത്തിലെ കിരാതചരിതമാണ് ഈ കുട്ടിത്തെയ്യങ്ങളുടെ അടിസ്​ഥാനം.

പാശുപതാസ്ത്രം നേടാനായുള്ള അർജുന​​െൻറ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ്സ്​ മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കടക തെയ്യങ്ങള്‍ക്കുപിന്നിലെ ഐതിഹ്യം. ശിവസങ്കല്‍പമാണ് ആടിവേടന്‍. ഉടുത്തുകെട്ടലുകളിലും ചമയങ്ങളിലുമെല്ലാം ഇതു നിറഞ്ഞുനില്‍ക്കുന്നു. കർക്കടകത്തി​​െൻറ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ദേശസഞ്ചാരത്തിനിറങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ കിരാതചരിതം തോറ്റം പാട്ടായി ചൊല്ലും. ചെണ്ടക്കൊപ്പം കൈയിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ ഉറഞ്ഞുതുള്ളും.

തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്നു പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കടക ദോഷങ്ങളെല്ലാം അകന്നുപോകും എന്നാണ് വിശ്വാസം. നാടി​​െൻറ ക്ഷേമത്തിനായി കര്‍ക്കടകം 31വരെ ഉത്തര മലബാറിലെ ഓരോ വീടുകളിലും കൈമണികളും കിലുക്കി എത്തിയിരുന്ന ആടിവേടനാണ് കോവിഡ്​ ഭീതിയിൽ ഇത്തവണ കെട്ടിയാടാത്തത്. തെയ്യം കലാകാരന്മാരുടെ പഞ്ഞമാസത്തിലെ ഉപജീവനമാർഗം കൂടിയാണ്​ ഇരുളടഞ്ഞത്​.

Tags:    
News Summary - aadivedan wouldnt come to homes -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.