ഭാരതപ്പുഴയിൽ നടത്തിയ തിരച്ചിൽ, ഹുനാനി സിറാജ്
ഷൊർണൂർ: 'പഞ്ചാബിഹൗസ്' സിനിമ സ്റ്റൈലിൽ കടം പെരുകിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്നു വരുത്തി നാടുവിട്ടയാളെ ഷൊർണൂർ പൊലീസ് കണ്ടെത്തി. ബിസിനസ് ആവശ്യത്തിനായി കേരളത്തിൽ വന്ന്, ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്നു വരുത്തി നാടുവിട്ട ഗുജറാത്ത് സ്വദേശി ഹുനാനി സിറാജിനെയാണ് (39) ഷൊർണൂർ പൊലീസ് ബംഗളൂരുവിൽ കണ്ടെത്തിയത്.
ഇയാൾ സെപ്റ്റംബർ 17നാണ് റബർ ബാൻഡുമായി ബന്ധപ്പെട്ട ബിസിനസ് ആവശ്യത്തിന് ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട് പാലക്കാട്, വടക്കഞ്ചേരി ഭാഗങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഒന്നുരണ്ടാളുകളെ കണ്ടു. കൈയോടെ പണം നൽകിയാൽ മാത്രമേ ഉദ്ദേശിച്ച ബിസിനസ് നടക്കൂവെന്ന് അറിഞ്ഞതോടെ നിരാശനായി.
നാട്ടിൽ ബിസിനസ് തകർച്ചയിൽ 50 ലക്ഷത്തോളം രൂപ പലർക്കായി ബാധ്യതയും ഉണ്ടായിരുന്നു. അതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതായി. അതോടെ, ചെറുതുരുത്തി പാലത്തിന് മുകളിൽ കയറി ഫോട്ടോകൾ എടുത്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ഭാര്യയോട് വിളിച്ചുപറഞ്ഞ് ഫോട്ടോകൾ അയച്ചുകൊടുത്ത് ഫോൺ ഓഫ് ചെയ്ത് പോവുകയായിരുന്നു.
ഗുജറാത്തിൽനിന്ന് വന്ന ബന്ധുവിന്റെ പരാതി പ്രകാരം ഷൊർണൂർ പൊലീസ് കാണാതായതിന് കേസെടുത്തു. അഗ്നിരക്ഷാസേന, ചെറുതുരുത്തി നിള ബോട്ട് ക്ലബ്, റസ്ക്യൂവർ നിഷാദ് എന്നിവരുടെ സഹായത്താൽ ഭാരതപ്പുഴയിൽ മൂന്നു ദിവസം വിശദമായ തിരച്ചിലും നടത്തി. പിന്നീട് ശാസ്ത്രീയവും അതിനൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തിട്ടില്ലെന്നും നാടുവിട്ടതാണെന്നും പൊലീസിന് ബോധ്യപ്പെട്ടത്.
ഇയാൾ കടന്നത് ബംഗളൂരുവിലേക്കാണെന്നും മനസ്സിലാക്കി, പ്രത്യേക പൊലീസ് സംഘം ബംഗളൂരുവിൽ ചെന്ന് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് ബംഗളൂരുവിൽ ഉബർ ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന സിറാജിനെ മെജസ്റ്റിക്കിൽവെച്ച് കണ്ടെത്തുകയായിരുന്നു. പണം കടം കൊടുക്കാനുള്ളവരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് സിറാജ് പറഞ്ഞു.
ഷൊർണൂർ എസ്.എച്ച്.ഒ വി. രവികുമാർ, എസ്.ഐ കെ.ആർ. മോഹൻദാസ്, എ.എസ്.ഐമാരായ കെ. അനിൽകുമാർ, കെ. സുഭദ്ര, സീനിയർ സി.പി.ഒ സജീഷ് എന്നിവരാണ് കേസന്വേഷിച്ചത്. സിറാജിനെ ഒറ്റപ്പാലം ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.