അറസ്റ്റിലായ സിന്ധു

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും കൈക്കലാക്കിയ യുവതി അറസ്റ്റിൽ

തൃശൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെ (37) ആണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി. ലാൽകുമാറും സംഘവും അറസ്റ്റ്​ ചെയ്തത്.

ഈ വർഷം ഫെബ്രുവരിയിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് ചന്ദ്രനഗർ സ്വദേശിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി പരസ്പര സമ്മതപ്രകാരം സ്വകാര്യഫ്ലാറ്റിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അയാൾ ധരിച്ചിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നര പവൻ സ്വർണാഭരണങ്ങൾ നിർബന്ധിച്ച് ഊരിവാങ്ങുകയും ചെയ്​തു.

പിന്നീട് ഏലസും സ്വർണലോക്കറ്റും തിരികെ തരാമെന്ന് പറഞ്ഞ് ഇയാളെ ഷൊർണൂരിലെ സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ച് മൊബൈൽ ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തി. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1.75 ലക്ഷം രൂപ കൈക്കലാക്കി.

ശേഷം യുവതി ഇയാളെ ഫോണിൽ ബന്ധപ്പെട്ട് 10 ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്നചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കാനാകാതെയാണ് പരാതിക്കാരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന്​ ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. സബ് ഇൻസ്​പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്​പെക്ടർ വി.എഫ്. സണ്ണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി. നിജിത, കെ. സ്മിത, എൻ.വി. ഹണി എന്നിവരും യുവതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - A woman has been arrested for threatening to call her flat and confiscating money and gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.