ടി.പി. രാജീവന് ജന്മനാടിന്റെ അന്ത്യാഞ്ജലി

പേരാമ്പ്ര (കോഴിക്കോട്): അന്തരിച്ച പ്രമുഖ കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന് സാംസ്കാരിക കേരളത്തിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കോഴിക്കോട് ടൗണ്‍ഹാളിലും കോട്ടൂരിലെ നരയംകുളം കൊടുവാംകുനി രാമവനം വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ കല-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടി.പി. രാജീവൻ (63) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രി 11.30ഓടെയാണ് മരിച്ചത്. സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.കെ. രാഘവൻ എം.പി, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ടി. സിദ്ദീഖ് എം.എൽ.എ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.വി. ചന്ദ്രൻ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സംവിധായകൻ വി.എം. വിനു, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, യു.കെ. കുമാരൻ, വി.ആർ. സുധീഷ്, കൽപറ്റ നാരായണൻ, പി.കെ. പാറക്കടവ്, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ടി.വി. ബാലൻ, കെ.കെ. ബാലൻ, ഖദീജ മുംതാസ്, ശങ്കർ രാമകൃഷ്ണൻ, എ.പി. കുഞ്ഞാമു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പി. ഗവാസ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, അഡ്വ. എം. രാജൻ, ഡോ. ആസാദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, പി.പി. ശ്രീധരനുണ്ണി, വിൽസൻ സാമുവൽ, പി.കെ. പോക്കർ, ശത്രുഘ്നൻ, എ. പ്രദീപ് കുമാർ, പി.എം. സുരേഷ് ബാബു, അപ്പുണ്ണി ശശി, ഒ.കെ. ജോണി, ചെലവൂർ വേണു, കെ.എസ്. വെങ്കിടാചലം, ഒ.പി. സുരേഷ് തുടങ്ങിയവർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

ഉച്ചക്ക് ഒരുമണിയോടെയാണ് മൃതദേഹം കോട്ടൂരിലെ നരയംകുളം കൊടുവാംകുനി രാമവനം വീട്ടിലെത്തിച്ചത്. മൂന്നോടെ രാമവനത്തിലെ ഇലഞ്ഞിയുടെ ചുവട്ടിൽ ഒരുക്കിയ ചിതയിലേക്ക് ഭൗതിക ദേഹമെടുത്തപ്പോൾ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകി. അനന്തരവൻ സ്വാതി കൃഷ്ണൻ ചിതക്ക് തീകൊളുത്തി. ഭാര്യ സാധന, മക്കളായ പാർവതി, ശ്രീദേവി, മരുമകൻ ശ്യാം സുധാകരൻ എന്നിവരും സന്നിഹിതരായിരുന്നു. കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ഇസ്രായേൽ കവി ഒ.ആർ. അമീർ, രാജേന്ദ്രൻ എടത്തുംകര, വീരാൻകുട്ടി, അൻവർ അലി, ഡോ. പി. സോമനാഥൻ, ഡോ. പി.ജെ. ജോർജ്, പ്രദീപ് കുമാർ കാവുന്തറ, പി. രാമൻ, കെ.ജി. രഘുനാഥൻ, മുസാഫർ അഹമ്മദ്, കെ.എം. അഭിജിത് അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി കൊയിലാണ്ടി ഭൂരേഖ തഹസിൽദാർ ഹരീഷും മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.എം സി. മുഹമ്മദ് റഫീക്കും റീത്ത് സമർപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് ടൗൺഹാളിൽ കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേരും. 

Tags:    
News Summary - A tribute to TP Rajeevan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.