പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പൊലീസ് ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ. കോന്നി തേക്ക്തോട് സ്വദേശിയും കോന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുമായ ബിനുകുമാറാണ് (36) ജീവനൊടുക്കിയത്. പത്തനംതിട്ട എ.ആർ ക്യാമ്പിൽ ഒന്നാം നിലയിലെ ജനാലയിൽ ബുധനാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെ ക്യാമ്പിലെത്തിയ ബിനുകുമാർ രാവിലെ മെസിൽനിന്ന് ഭക്ഷണം കഴിച്ചശേഷം അവിടെ തങ്ങിയിരുന്നു. പിന്നീടാണ് ബിനുവിന്‍റെ മൃതദേഹം ബാരക്കിലെ ജനലിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഒരു മാസത്തോളമായി ജോലിക്ക് ഹാജരായിരുന്നില്ല. റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയിൽനിന്ന് കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് 13.50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാതി.
ഇത്തരത്തിൽ വാങ്ങിയ വാഹനത്തിന്‍റെ ആർ.സി ബുക്ക് പണയം വെച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്താതെ ഒളിവിൽ പോകുകയായിരുന്നു.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരിൽനിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയശേഷം അഞ്ച് സ്ത്രീകളിൽനിന്ന് ഇയാൾ പണം വാങ്ങിയിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയിൽനിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽനിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. കോട്ടയത്ത് ഒരു കോട്ടൺ വേസ്റ്റ് കമ്പിനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ സ്ത്രീകളിൽ നിന്നും പണം തട്ടിയതായും പരാതി ഉണ്ട്. ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.