സർക്കാർ സ്കൂളിലെ ആദിവാസി വിദ്യാർഥികളെ കൂട്ടത്തോടെ സ്വകാര്യ സ്കൂളിലേക്ക് മാറ്റാൻ നീക്കം

വെള്ളമുണ്ട: സർക്കാർ സ്കൂളിലെ ആദിവാസി വിദ്യാർഥികളെ കൂട്ടത്തോടെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാൻ നീക്കം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ 34 പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളെയാണ് ജില്ലക്കുപുറത്തുള്ള സ്വകാര്യ സ്കൂളിലേക്ക് മാറ്റിച്ചേർക്കാൻ നീക്കം നടക്കുന്നത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലുള്ള വിവിധ വിദ്യാർഥികളെയാണ് കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിച്ചേർക്കാൻ ടി.സിക്കായി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) അപേക്ഷ നൽകിയത്. വാളാരംകുന്ന് കോളനിയിലെ കുട്ടികളാണ് മുഴുവൻ പേരും. ഇവരെ കൂട്ടത്തോടെ മാറ്റാനാണ് ശ്രമിച്ചത്. സംഭവത്തിൽ പരാതിയുമായി വാരാമ്പറ്റ ഗവ. സ്കൂൾ അധികൃതരും നാട്ടുകാരും പി.ടി.എയും രംഗത്തെത്തി. ഇതോടെ വിശദമായ അന്വേഷണത്തിന് മാനന്തവാടി ട്രൈബൽ ഓഫിസർക്ക് ജില്ല കലക്ടർ നിർദേശം നൽകി. ഗവ. സ്കൂളിലെ പ്രധാനാധ്യാപകൻ പട്ടികവർഗ വികസന ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടികൾക്കായി കത്ത് നൽകിയിട്ടുണ്ട്.

വാരാമ്പറ്റ ഗവ. സ്കൂളിൽ ആദ്യം സ്വകാര്യ സ്കൂളിന്‍റെ പ്രതിനിധിയെത്തി ടി.സി നൽകണമെന്ന് ആവശ്യപ്പെടുകയും, അങ്ങനെ ടി. സി നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തി അപേക്ഷ നൽകുകയുമായിരുന്നു. ജില്ലക്ക് പുറത്തുള്ള വിദ്യാലയത്തിലേക്ക് ആദിവാസി കുട്ടികളെ മാറ്റുന്നതിന് ജില്ല കലക്ടറുടെ അനുമതി വേണം. ഡി.ഡി.ഇ, ടി.ഡി.ഒ എന്നിവരുടെ അനുമതിയും ആവശ്യമാണ്. മുമ്പും ജില്ലയിൽ സമാന നീക്കം നടന്നപ്പോൾ അന്നത്തെ ജില്ല കലക്ടർ പ്രത്യേക ഉത്തരവിറക്കി തടയുകയായിരുന്നു. എന്നാൽ, ഈ കുട്ടികൾ കൃത്യമായി സ്കൂളിലെത്താറില്ലെന്നും പഠനം മുടങ്ങുന്നതിന് പരിഹാരമില്ലെന്നും ഇവരെ മാറ്റുന്നതിലൂടെ കൃത്യമായ വിദ്യാഭ്യാസം ലഭിക്കുമെന്നും സ്വകാര്യ വിദ്യാലയ പ്രതിനിധി പറഞ്ഞു.

ഹോസ്റ്റൽ സൗകര്യവും കൃത്യമായ സൗജന്യ ഭക്ഷണ-വിദ്യാഭ്യാസ സൗകര്യവും ഇവർക്ക് ലഭിക്കും. മുമ്പും ചില വിദ്യാർഥികൾ അവിടെ പഠനത്തിന് പോയിട്ടുണ്ട്. രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെയാണ് കുട്ടികളെ മാറ്റാൻ ശ്രമിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. രക്ഷിതാക്കൾ ടി. സി വാങ്ങാൻ താല്പര്യപ്പെടുന്ന പക്ഷം സ്കൂൾ അധികൃതർക്ക് ടി.സി നൽകാതിരിക്കാൻ കഴിയില്ല. സർക്കാർ വിദ്യാലയങ്ങളിൽനിന്നും വ്യാപകമായ രീതിയിൽ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മുമ്പും ആദിവാസി കുട്ടികളെ മാറ്റിയിരുന്നു. എന്നാൽ, കൂട്ടത്തോടെ മാറ്റാനുള്ള ശ്രമം ആദ്യമായാണ്.

സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയതായും റിപ്പോർട്ട് തിങ്കളാഴ്ച ജില്ല കലക്ടർക്ക് സമർപ്പിക്കുമെന്നും മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ പി. ഇസ്മയിൽ മാധ്യമത്തോട് പറഞ്ഞു. സംഭവം വിവാദമായതോടെ നീക്കത്തിൽ സർക്കാർ ഇടപെട്ടു. വിദ്യാർഥികളെ സ്കൂളിൽ നിലനിർത്താനുള്ള നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക്‌ പട്ടിക വർഗ്ഗ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകുകയായിരുന്നു.

Tags:    
News Summary - A move to transfer tribal students from government schools to private schools en masse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.