വളർത്തുനായുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

പത്തിരിപ്പാല (പാലക്കാട്): അയൽവീട്ടിലെ നായുടെ കടിയേറ്റ് ചികിത്സയിലിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) മരിച്ചത്. മേയ് 30ന് രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് കടിയേറ്റത്. തുടർന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ച മുഴുവൻ വാക്സിനുകളും എടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

നായുടെ ഉടമയുടെ വീട്ടിലെ വയോധികക്കും അന്ന് രണ്ടുതവണ കടിയേറ്റിരുന്നു. ഇവർക്കും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, രണ്ടുദിവസം മുമ്പാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഉടൻ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മൂന്നരയോടെ മരിക്കുകയായിരുന്നു.

ശ്രീലക്ഷ്മി കോയമ്പത്തൂർ നെഹ്റു കോളജിലെ ബി.സി.എ വിദ്യാർഥിനിയാണ്. മാതാവ്: സിന്ധു. സഹോദരങ്ങൾ: സിദ്ധാർഥ്, സനത്. പിതാവ് സുഗുണൻ ബംഗളൂരുവിൽ എൻജിനീയറാണ്. സംഭവമറിഞ്ഞ് മങ്കരയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി അന്വേഷണം തുടങ്ങി. നാല് കുത്തിവെപ്പ് എടുത്തിട്ടും വിദ്യാർഥി മരിക്കാനിടയായ സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മൃതദേഹം ഉച്ചയോടെ ഐവർമഠത്തിൽ സംസ്കരിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Tags:    
News Summary - A college student died after being bitten by a pet dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.