മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; എട്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂർ: മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു. അഞ്ച് വിദ്യാർഥികളക്കം എട്ടു പേർക്ക് പരിക്ക്. ഒരു വിദ്യാർഥിയുടെ നില ഗുരുതരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ച രാത്രി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 310 കിലോമീറ്റർ അകലെ പന്നാ ജില്ലയിലെ റായ്പുര ഗുവാകേഡയിലാണ് സംഭവം. ദാമോ-കട്നി സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ ബസ് ക്ലീനർ മരിച്ചു.

ബി.എസ്.സി അവസാന വർഷ ജിയോളജി വിദ്യാർഥി എഡ്വേർഡ് ബെൻ മാത്യു (20) വിനാണ് തലക്ക് പരിക്കേറ്റത്. ആദ്യം കട്നി സിറ്റി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എഡ്വേർഡിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ജബൽപൂർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ ആർ. തരുൺ, ടി.വി ശ്വേത എന്നീ അധ്യാപകരും നാല് വിദ്യാർഥികളും റായ്പുര ആശുപത്രി, ഡാമോ മിഷൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. പരിക്കേറ്റവർക്ക് ചികിത്സ അടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. കട്നി ജില്ലാ മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ആറ് അധ്യാപകരും 72 വിദ്യാർഥികളും ഉൾപ്പെടുന്ന സംഘം ഫീൽഡ് സർവേക്കായി ജനുവരി 14നാണ് തൃശൂരിൽ നിന്നും ട്രെയിൻ മാർഗം പുറപ്പെട്ടത്. ജബൽപൂരിലെ ഖനികൾ സന്ദർശിക്കാൻ സാഗറിൽ നിന്ന് കട്നിയിലേക്ക് രണ്ട് ബസുകളിലാണ് ഇവർ സഞ്ചരിച്ചത്.

ഖനി മേഖലയിലെ വളവുകൾ നിറഞ്ഞ റോഡിലൂടെ പോകുമ്പോൾ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

Full View


Tags:    
News Summary - A bus carrying Malayali students overturned in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.