തിരുവനന്തപുരം: പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമുള്ള ഒരു ബജറ്റാണിതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പ്രഖ്യാപിച്ചതൊക്കെ പൊള്ള എന്നാല്‍ കാര്യമായ പ്രഖ്യാപനങ്ങളും ഇല്ല എന്നാണ് അവസ്ഥ. കേരളത്തിന്റെ സമഗ്രപുരോഗതിക്കോ വളര്‍ച്ചയ്‌ക്കോ വഴിതെളിയിക്കുന്ന യാതൊന്നും ഇതിലില്ല.
കഴിഞ്ഞ ബജറ്റിലും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് 50 ശതമാനം ബജറ്റ് വെട്ടിക്കുറിച്ച ചരിത്രം മലയാളികള്‍ക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഈ ബജറ്റില്‍ മുന്നോട്ടു വെച്ചിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ജനം വിശ്വസിക്കുന്നില്ല. ഇതെല്ലാം കണ്ണില്‍ പൊടിയിടാനുള്ളതാണ് എന്നവര്‍ക്കറിയാം.
സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ വര്‍ധനവ് നല്‍കുമെന്ന് ജനങ്ങള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും ബജറ്റില്‍ പ്രഖ്യാപനമായി പോലും പറഞ്ഞിട്ടില്ല. അതിനു പകരം ഭൂനികുതിയിലടക്കം വര്‍ധന വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് സംസ്ഥാനത്തെ നെറ്റ് സീറോ കാര്‍ബണ്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നികുതി കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് ആത്യന്തികമായി ഇലക്ട്രിക് വാഹനങ്ങളുടെ വില കൂട്ടുകയും കാലാവസ്ഥാ വ്യതിയാനങ്ഹള്‍ക്കെതിരെ ലോകവ്യാപകമായി നടക്കുന്ന ശ്രമങ്ങളില്‍ നിന്നുള്ള തിരിച്ചു പോക്കാവുകയും ചെയ്യും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ ഇതൊന്നും അവരുടെ കയ്യില്‍ കിട്ടാന്‍ പോകുന്നില്ല എന്നു മുന്‍കാലാനുഭവങ്ങള്‍ വെച്ചിട്ട് അവര്‍ക്കു തന്നെ അറിയാം എന്നതു കൊണ്ട് അവരാരും ഇതില്‍ സന്തോഷിക്കുമെന്നു തോന്നുന്നില്ല.
കിഫ്ബി ഒരു വെള്ളാനയാണ് എന്നുറച്ചു പ്രഖ്യാപിക്കുന്ന ബജറ്റാണിത്. സംസ്ഥാനബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഒരു നോഡല്‍ ഏജന്‍സിയായി കിഫ്ബി മാറിയിരിക്കുന്നു. ഇത്തരം ഒരു വെള്ളാനയാകും കിഫ്ബി എന്ന കാരണം കൊണ്ടു തന്നെയാണ് യുഡിഎഫ് അതിനെ എതിര്‍ത്തത്. ഇപ്പോള്‍ ഈ ബജറ്റില്‍ അക്കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താന്‍ ഒരു കര്‍മ്മപദ്ധതിക്കും രൂപം കൊടുക്കാന്‍ ഈ ബജറ്റിന് സാധിച്ചിട്ടില്ല. കേരളത്തിന്റെ വളര്‍ച്ചാനിരക്കിനെ താഴോട്ടു കൊണ്ടുപോകുന്ന ഒന്നായിരിക്കും ഈ ബജറ്റ്. ജനങ്ങളെ ബാധിക്കുന്നഅടിസ്ഥാനപ്രശ്‌നങ്ങളായ വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കു പരിഹാരം കാണാന്‍ ഈ ബജറ്റിന് സാധിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. ഇത് ആത്യന്തികമായി പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമുള്ള ജനവിരുദ്ധ ബജറ്റാണ്. ഇതിനെ കേരള ജനത അംഗീകരിക്കില്ല - രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.