തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയിൽ ഉള്‍പ്പെടുത്താനുള്ള നടപടിയും ആരംഭിച്ചു.
പിങ്ക് കാർഡുള്ള 62,945ഉം മഞ്ഞകാർഡുള്ള 7,473ഉം പേരാണ് മൂന്നുമാസമായി റേഷൻ വാങ്ങാത്തത്. പിങ്ക് കാർഡിൽ റേഷൻ വാങ്ങാത്തവർ കൂടുതൽ എറണാകുളത്തും (8,978 പേർ), തിരുവനന്തപുരത്തുമാണ് (8,717). ഏറ്റവും കുറവ് വയനാടും കാസർകോടുമാണ്. ഇവിടങ്ങളിൽ യഥാക്രമം 807ഉം, 1480ഉം പേർ മൂന്നുമാസമായി റേഷൻ വാങ്ങിയിട്ടില്ല. മഞ്ഞ കാർഡുകാരിൽ റേഷൻ വാങ്ങാത്തവർ കൂടുതൽ തിരുവനന്തപുരത്തും തൃശൂരുമാണ്. ഇവിടങ്ങളിൽ യഥാക്രമം 991 ഉം 898ഉം കുടുംബങ്ങളാണ് റേഷൻ വാങ്ങാത്തത്. കുറവ് കോഴിക്കോടും (128), മലപ്പുറവുമാണ് (171).
ഇവർക്ക് പകരമായി പരമ്പരാഗത അല്ലെങ്കിൽ അസംഘടിത തൊഴിലാളി കുടുംബങ്ങൾ, തദ്ദേശ വകുപ്പിന്റെ ബി.പി.എൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ -അർധസർക്കാർ-പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എച്ച്.ഐ.വി പോസിറ്റിവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവെച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിവരുൾപ്പെടുന്ന കുടുംബങ്ങൾ, നിർധന -നിരാലംബ സ്ത്രീ, വിധവ, അവിവാഹിത അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ ഗൃഹനാഥയായ കുടുംബങ്ങൾ എന്നിവർക്കാണ് മുൻഗണന വിഭാഗത്തിലേക്ക് മാറാനാകുക. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡുകാരിലുള്ള 4,356 പേരെ വെള്ള കാർഡിലേക്ക് മാറ്റും. ഈ പട്ടികയിലെ കൂടുതൽ കുടുംബങ്ങൾ ആലപ്പുഴ (967), പാലക്കാട് (780), കണ്ണൂർ (723) ജില്ലയിലുള്ളവരാണ്.
തിരുവനന്തപുരം: റേഷൻ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡ് ഉടമകളിൽ അർഹർക്ക് പിങ്ക് കാർഡിലേക്ക് മാറാൻ ജൂൺ 15വരെ അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൻ ലോഗിൻ പോർട്ടലോ (ecitizen.civilsupplieskerala.gov.in) വഴി അപേക്ഷിക്കാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തിയാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.