​കൊല്ലപ്പെട്ട പറമ്പത്ത് അജയൻ

സി.പി.എം പ്രവർത്തകൻ അജയൻ വധം: ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

തലശ്ശേരി: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു. 2009 മാർച്ച്‌ 11നാണ് അജയൻ കൊല്ലപ്പെട്ടത്. ആകെയുള്ള 9 പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെടുകയും മറ്റൊരാൾ ആത്മഹത്യ ​ചെയുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ തലശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.വിമല്‍ വെറുതെ വിട്ടത്.

സംഭവ ദിവസം രാത്രി 7.45ന് പാനൂരിലെ അജയന്റെ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം അജയൻ തൊട്ടടുത്തുള്ള കുമാരൻ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ബി.ജെ.പി പ്രവര്‍ത്തകരായ കൊളവല്ലൂരിലെ കുണ്ടുപറമ്പത്ത് കൃഷ്ണന്റെ മകന്‍ മനോജ്, കുറ്റിയന്റവിട പൂവത്താന്‍ കുഞ്ഞിരാമന്റെ മകന്‍ കെ.പി. ഷിജിത്ത്, കൂലിച്ചാലില്‍ രാജന്റെ മകന്‍ ജിജേഷ്, പീടികയുള്ള പറമ്പത്ത് ഭാസ്‌കരന്റെ മകന്‍ വിനീഷ്, കുളിച്ചാലില്‍ കോരന്റെ മകന്‍ സജിത്ത്, കിഴക്കെ കോരച്ചന്‍ കണ്ടി രാമകൃഷ്ണന്റെ മകന്‍ രാജേഷ് കുമാര്‍, താഴയുള്ളതില്‍ നാണുവിന്റെ മകന്‍ പി.എന്‍. മോഹനന്‍, തറപുറത്ത് കുമാരന്റെ മകന്‍ പ്രജീഷ്, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നീ ഒമ്പത് പേരായിരുന്നു പ്രതികള്‍. ഇവർക്കെതി​രെ ഐ.പി.സി 143, 147, 148, 452, 302, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഈ കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെ.സി രാജേഷിനെ 2010 ൽ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി. ഈ കേസ് വിചാരണയിലാണ്. പ്രായപൂർത്തിയാകാത്ത നാലാം പ്രതി വിചാരണക്കിടെ മരിച്ചു. മറ്റുപ്രതികളായ മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി. എൻ. മോഹനൻ, പ്രജീഷ് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ എന്‍. ഭാസ്‌കരന്‍ നായര്‍, ടി. സുനില്‍ കുമാര്‍, പി. പ്രേമരാജന്‍ എന്നിവർ ഹാജരായി. 

Tags:    
News Summary - 7 BJP RSS workers acquitted in CPM worker Ajayan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.