തിരുവനന്തപുരം: നിർമാണ അനുമതിക്ക് വിരുദ്ധമായി വിസ്തീര്‍ണം വര്‍ധിപ്പിച്ച കെട്ടിടങ്ങള്‍ക്കുള്ള പിഴത്തുക ഉയര്‍ത്തുന്നതിന് കേരള കെട്ടിട നികുതി നിയമ (ഭേദഗതി) ഓര്‍ഡിനന്‍സിന് മന്ത്രിസഭ ശിപാർശ നൽകി. ഒറ്റത്തവണ കെട്ടിടനികുതി അടച്ചപ്പോഴുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞ കെട്ടിടത്തിന്റെ വിസ്തീര്‍ണം ക്രമവിരുദ്ധമായി ഉയര്‍ത്തിയ ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിട ഉടമകളുടെ പിഴശിക്ഷ ഒറ്റത്തവണ കെട്ടിട നികുതിയുടെ 50 ശതമാനമായി ഉയര്‍ത്താനാണ് പ്രധാന ശിപാര്‍ശ. ഒറ്റത്തവണ കെട്ടിടനികുതി റവന്യൂ വകുപ്പാണ് ഈടാക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്കുള്ള 50 ശതമാനം പിഴത്തുകയും റവന്യൂ വകുപ്പാണ് പിരിക്കുക.
278.7 ച.മീറ്റർ അതായത് 3000 ചതുരശ്ര അടിക്കുമുകളില്‍ വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും ആഡംബര നികുതി (ലക്ഷ്വറി ടാക്സ്) എന്ന പേരില്‍ നികുതി പിരിച്ചിരുന്നു. എന്നാല്‍, പുതിയ ചരക്കുസേവന നികുതി നിയമപ്രകാരം ആഡംബര നികുതി കേന്ദ്ര സര്‍ക്കാറിലേക്കാണ് പോകുന്നത്. ഇതു സംസ്ഥാനത്തിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ലഭിക്കില്ല. ഈ നികുതി കേന്ദ്രത്തിന് പോകുന്നത് ഒഴിവാക്കാന്‍ ആഡംബര നികുതിയുടെ പേര് ‘അധിക നികുതി’ എന്നാക്കി മാറ്റാനും നിര്‍ദേശമുണ്ട്.
ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും കൂടുതല്‍ ഇളവ് നല്കുന്ന നിയമഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു. അപ്പാർട്ട്മെന്റുകളെയും ഫ്ലാറ്റുകളെയും പ്രത്യേക കെട്ടിടമായി കണക്കാക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. അത് ഒരേ കെട്ടിടത്തിൽ വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത ഫ്ലാറ്റുകളെയും അപ്പാർട്ട്മെന്റുകളെയും പ്രത്യേകം കെട്ടിടമായി കണക്കാക്കും. പ്ലിന്ത് ഏരിയ കണക്കാക്കുന്നത് തദ്ദേശഭരണസ്ഥാപന രേഖ പ്രകാരമായിരിക്കണമെന്നും നിർദേശിക്കുന്നു.
ഗവര്‍ണറുടെ അനുമതിക്കായി കൈമാറുന്നവയിൽ കേരള കെട്ടിടനികുതി നിയമ (ഭേഭഗതി) ഓര്‍ഡിനന്‍സ്-2023ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപന എന്‍ജിനീയറിങ് വിഭാഗത്തിന്റെ അനുമതിക്കൊപ്പം ബന്ധപ്പെട്ട തഹസില്‍ദാര്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ട്. തഹസില്‍ദാറുടെ പരിശോധന ഒഴിവാക്കി, തദ്ദേശ സ്ഥാപന അനുമതി വാങ്ങിയാല്‍ മതിയെന്നാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. ഗവര്‍ണര്‍ ഒപ്പുവെക്കുന്നതുമുതല് ഭേദഗതി നിലവില്‍ വരും.
കെട്ടിട നികുതി നിര്‍ണയം സംബന്ധിച്ച് അപ്പീലുകളില്‍ സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് മൂന്നുമാസത്തെ സാവകാശമായിരുന്നു നല്‍കിയിരുന്നത്. ഇതിനകം തീരുമാനമെടുത്തില്ലെങ്കില്‍ നിയമപരമായ സാധുതയില്ലായിരുന്നു.അതിനാല്‍ അപ്പീല്‍ പരാതികളില്‍ ജില്ല കലക്ടര്‍മാര്‍ക്ക് സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കാനുള്ള സമയപരിധി ഒരുവര്‍ഷമാക്കി ഉയര്‍ത്താനും ഭേദഗതി നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.