'50 ലക്ഷം ഡോസ്​ വാക്​സിൻ വേണം': കേന്ദ്ര ആരോഗ്യമന്ത്രിയോട്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി 50 ലക്ഷം ഡോസ്​ വാക്​സിൻ വേണ​മെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന് അയച്ച കത്തിലാണ്​ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്​.

കോവിഡിനെ പിടിച്ചുകെട്ടാൻ 45 ദിന കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിവരികയാണെന്നും കൈവശമുള്ള വാക്‌സിന്‍ സ്റ്റോക്ക് തീരാറായെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തിൽ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാർഗം വാക്സിനേഷനാണ്.

നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്.

നിലവിൽ ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളൂ.

ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്സിൻ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്സിൻ ഡോസുകൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി നേരിട്ട്​ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട്​ 50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടത്. എത്രയും വേഗം ഇത് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷ​യെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 5652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1010 പേർക്ക്​രോഗം കണ്ടെത്തിയ കോഴിക്കോടാണ്​ ഏറ്റവും കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകൾ പരിശോധിച്ചു. 12.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

Tags:    
News Summary - 50 lakh dose of vaccine needed: CM to Union Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.