മലപ്പുറം: 45 മീറ്റർ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തോടെ സർക്കാർ മുന്നോട്ട്. മലപ്പുറം ജില്ലയിൽ മൂന്നുതവണ വിജ്ഞാപനം ഇറക്കിയിട്ടും നടക്കാതെപോയ സർവേ തിങ്കളാഴ്ച മുതൽ ഏത് രീതിയിലും പൂർത്തിയാക്കാനാണ് തീരുമാനം. കണ്ണൂരിൽ എതിർപ്പുകൾ അവഗണിച്ച് സർവേ നടപടികൾ ബുധനാഴ്ചയോടെ തീർന്നു. മാർച്ച് 19 മുതൽ ഭൂവുടമകളുടെ പരാതികൾ കേൾക്കും.
കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ മാത്രമാണ് സർവേ നടക്കാത്തത്. സർവേ പൂർത്തിയായ ഭാഗങ്ങളിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വില നിർണയിക്കുന്ന കണക്കെടുപ്പ് തുടങ്ങി. വെങ്ങളം-രാമനാട്ടുകര ബൈപാസ് ടെൻഡർ നടപടികളായി. ജൂലൈയിൽ നിർമാണ പ്രവൃത്തികൾ തുടങ്ങും. ഇവിടെ ആറുവരി പാതക്കായി നേരത്തേ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കാസർകോട്ട് സംസ്ഥാന അതിർത്തിയായ തലപ്പാടി വരെ സർവേ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിൽ ഭൂമി ലഭ്യമാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ വിനയരാജ് പറഞ്ഞു. മലപ്പുറത്ത് കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെയാണ് തിങ്കളാഴ്ച സർവേ നടപടികൾ തുടങ്ങുന്നത്. ഇത് തടയുമെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മലപ്പുറത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടന്നു. കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു.
കുറ്റിപ്പുറം പാലത്തിൽനിന്ന് തുടങ്ങുന്ന സർവേ ദിവസം നാലു കി.മീറ്റർ ദൂരത്തിൽ അതിർത്തി കല്ലുകൾ നാട്ടി 15 ദിവസം കൊണ്ട് തീർക്കാനാണ് തീരുമാനം. ഏപ്രിൽ മൂന്നുവരെ ഭൂവുടമകൾക്ക് പരാതി നൽകാം. ഏപ്രിൽ ഒമ്പതു മുതൽ 30 വരെ ഉടമകളിൽനിന്ന് പരാതി കേൾക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ ഡോ. അരുൺ അറിയിച്ചു. ശക്തമായ ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3 എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഇത്തവണ പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. ഒക്ടോബറോടെ നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത് ദേശീയപാത അധികൃതർക്ക് കൈമാറാനാണ് തീരുമാനം.
സമരസമിതിക്ക് പറയാനുള്ളത്
45 മീറ്റർ എന്നത് ജനസാന്ദ്രത കണക്കിലെടുത്ത് 30ലേക്ക് ചുരുക്കണം. ഇരകൾക്ക് വിപണി വിലയനുസരിച്ചുള്ള നഷ്ടപരിഹാരം മുൻകൂറായി നൽകുക. 45 മീറ്ററിൽ പാത വരുേമ്പാൾ 5561 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. 11,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. 600ലധികം കിണറുകൾ ഇല്ലാതാകും. 30,000 വലിയ മരങ്ങൾ മുറിക്കണം. 1500ലധികം കുടുംബങ്ങൾ വഴിയാധാരമാകും. 30 മീറ്ററിലേക്ക് ചുരുക്കിയാൽ 50ഒാളം കുടുംബങ്ങളെ മാത്രമേ ബാധിക്കൂ. നഷ്ടപരിഹാര തുകയിൽനിന്ന് വരുമാന നികുതി പിടിക്കുന്നത് ഒഴിവാക്കുക. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ വ്യക്തത വരുത്തണം.
കേന്ദ്ര അംഗീകാരവും കാത്ത് പുനരധിവാസ പാക്കേജ്
കേരളത്തിെൻറ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജുണ്ടാക്കി 2017 ഡിസംബർ 29ന് ഉത്തരവിറക്കി കേന്ദ്രത്തിെൻറ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ദേശീയപാത അടക്കം ഭൂമി ഏറ്റെടുക്കലിന് ഇത് ബാധകമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.പാക്കേജിെല നിർദേശങ്ങൾ: വീട് നഷ്ടപ്പെടുന്നവർക്ക് ഗ്രാമ പ്രദേശങ്ങളിൽ പുതിയത് നിർമിച്ചുനൽകും. നഗരപ്രദേശങ്ങളിൽ 50 ചതുരശ്ര മീറ്ററിൽ കുറയാത്ത വീട് നൽകും. വീട് ആവശ്യമില്ലെങ്കിൽ മൂന്ന് ലക്ഷം രൂപ ലഭിക്കും. മാറ്റിപ്പാർപ്പിക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 രൂപ വീതം ഒരു വർഷത്തേക്ക് നൽകും. സാധനസാമഗ്രികൾ, കന്നുകാലികൾ എന്നിവ കൊണ്ടുപോകുന്നതിന് 50,000 രൂപ ലഭിക്കും. പെട്ടിക്കടകൾ, തൊഴുത്ത് എന്നിവക്ക് 25,000 രൂപ മുതൽ 50,000 വരെ നൽകും. പൊളിക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ജോലിചെയ്യുന്ന തൊഴിലാളികൾക്ക് 6,000 രൂപ വീതം ആറുമാസത്തേക്ക് നൽകും. വാടകക്കാരെ മാറ്റിപ്പാർപ്പിക്കുമ്പോൾ 30,000 രൂപ നൽകും. പുറമ്പോക്കിൽ മൂന്നു വർഷത്തിലധികമായി കച്ചവടം ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്ക് 5,000 രൂപ വീതം ആറുമാസത്തേക്ക് ലഭിക്കും.
വ്യവസായ സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ. കമ്പനികൾ, ബാങ്കുകൾ, രണ്ടായിരം ചതുരശ്ര മീറ്ററിൽ അധികം വിസ്തീർണമുള്ള കടകൾ എന്നിവക്ക് ഇത് ലഭിക്കില്ല. ആരാധനാലയങ്ങൾക്ക് നഷ്ടപരിഹാരത്തിന് പുറമെ ലക്ഷം രൂപകൂടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.