പുതുതായി 44 കുട്ടികള്‍ക്ക് ഉടന്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളില്‍ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഏകോപനത്തോടെ ഇവര്‍ക്കുള്ള ശസ്ത്രക്രിയ ഉടന്‍ നടത്തുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ എസ്.എച്ച്.എക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോക്ലിയര്‍ ഇപ്ലാന്റേഷന്‍ സര്‍ജറിക്കും തുടര്‍ ചികിത്സക്കുമായി കൂടുതല്‍ ആശുപത്രികളെ എംപാന്‍ ചെയ്യാനാണ് എസ്.എച്ച്.എ. ശ്രമിക്കുന്നത്. ഇംപ്ലാന്റ് ലഭ്യമാക്കാനായി കെ.എം.എസ്.സി.എല്‍. വഴി ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സര്‍ജറി ആവശ്യമുള്ള കേസുകളില്‍ ഇംപ്ലാന്റ് ആശുപത്രികള്‍ക്ക് ലഭ്യമാക്കുവാന്‍ കെ.എസ്.എസ്.എമ്മുമായി കരാര്‍ നിലവിലുള്ള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളും ആയവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിട്ടുള്ള ഫണ്ടും എസ്.എച്ച്.എക്ക് കൈമാറുന്നതിന് വേണ്ടിയുള്ള കത്ത് ആഗസ്റ്റ് രണ്ടിന് കെ.എസ്.എസ്.എമ്മിന് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് എസ്.എച്ച്.എ.യിലേക്ക് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതാണ്.

അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് 59,47,500 രൂപ എസ്.എച്ച്.എ. സാമൂഹ്യ സുരക്ഷാ മിഷന് നല്‍കിയിരുന്നു. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ നടത്താനാകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - 44 new children undergo immediate cochlear implantation surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.