പന്നിപ്പടക്കം കടിച്ച് കാട്ടാന ചെരിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റിൽ

പത്തനാപുരം: കൊല്ലം ജില്ലയിലെ അമ്പനാർ കോട്ടക്കയം വനമേഖലയിൽ പന്നിപ്പടക്കം കടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടില്‍ പൊടിമോന്‍ എന്ന അനിമോന്‍ (39), കലഞ്ഞൂര്‍ മലയുടെ കിഴക്കേതില്‍ വീട്ടില്‍ ശരത് (24), പാടം നിരത്തുപാറ വീട്ടില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവിലാണ്. 

പൊലീസും വനംവകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരിൽനിന്ന് പന്നിപ്പടക്കം വെക്കാന്‍ ഉപയോഗിക്കുന്ന കൈതച്ചക്ക, മൃഗങ്ങളുടെ നെയ്യ്, പന്നി, മ്ലാവ് മുതലായവയുടെ അവശിഷ്്ടങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മറ്റ് മൃഗങ്ങള്‍ക്കായി വച്ച പടക്കം ആന അബദ്ധത്തില്‍ തിന്നുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. 

ഏപ്രില്‍ 11നാണ് അമ്പനാർ കോട്ടക്കയം വനമേഖലയിലെ ഓലപ്പാറ മാങ്കൂട്ടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 10 വയസ് പ്രായം വരുന്ന പിടിയാന കറവൂര്‍ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രില്‍ ഒമ്പതിനാണ് എത്തിയത്. പന്നിപ്പടക്കം കടിച്ച് പരിക്കേറ്റതിനാല്‍ വായും നാക്കും തകർന്ന ആന വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയിലായിരുന്നു. പ്രദേശവാസികള്‍ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

വനംവകുപ്പ് ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തി ചികിത്സ നല്‍കിയെങ്കിലും രക്ഷയുണ്ടായില്ല. അടുത്ത ദിവസം മയക്കുവെടി വെച്ച് വീഴ്ത്താനായി ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ആനയെ കാട്ടരുവിക്ക് സമീപത്ത് നിന്നും ആറ് കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് കണ്ടത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ആന ചികിത്സ തുടരും മുമ്പേ  ചെരിയുകയായിരുന്നു. വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഈശ്വരന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവുചെയ്തു. 

പ്രതികള്‍ മുമ്പും മൃഗവേട്ടയുമായി ബന്ധപ്പെട്ട് കേസില്‍ അകപ്പെട്ടവരാണ്. ഇവരെ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് പറഞ്ഞു.

Tags:    
News Summary - 3 people arrested for death of elephant in kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.