തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ ഒമ്പത് മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 മത് ഐ.എഫ്.എഫ്.കെ യുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖർ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയാ ഹാളിൽ നടന്ന യോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘടനം ചെയ്തു.
മയക്കുമരുന്ന്, നരബലി, പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങിയ സമീപകാല സംഭവ വികാസങ്ങൾ ആധുനിക കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ അപകടപ്പെടുത്തുകയാണ്. ഈ സാംസ്കാരിക അപചയത്തിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ സന്നദ്ധരാകണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി 27മത് ഐ എഫ് എഫ് കെയുടെ ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെയാണ് 27മത് ഐ.എഫ്.എഫ്.കെയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി ആദരിക്കുന്നത് എന്ന് ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ രഞ്ജിത്ത് പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രി വി.എൻ വാസവൻ ഫെസ്റ്റിവൽ പ്രസിഡന്റുമായ സമിതിയിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാനായി എം. വിജയകുമാറും ഹോസ്പിറ്റാലിറ്റി ആൻഡ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി ജി.സുരേഷ് കുമാറും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്യാമ പ്രസാദും ഡെലിഗേറ്റ് കമ്മിറ്റി ചെയർമാനായി കെ.ജി മോഹൻ കുമാറും എക്‌സിബിഷൻ കമ്മിറ്റി ചെയർമാനായി നേമം പുഷ്പരാജും വളണ്ടിയർ കമ്മിറ്റി ചെയർമാനായി കെ.എസ് സുനിൽ കുമാറും ഓഡിയൻസ് പോൾ കമ്മിറ്റി ചെയർമാനായി പി.എം മനോജും ഹെൽത്ത് ആൻഡ് കോവിഡ് മാനേജ്മെന്റ് കമ്മിറ്റി ചെയർ പേഴ്സണായി ജമീല ശ്രീധരനും മീഡിയ കമ്മിറ്റി ചെയർമാനായി ആർ.എസ് ബാബുവും തിയറ്റർ ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി സണ്ണി ജോസഫും തിയറ്റർ അവാർഡ് കമ്മിറ്റി ചെയർമാനായി വിപിൻ മോഹനും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.