ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ വിവിധ ആശുപത്രികളിൽ 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം. ഇന്ന്​ ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​ തീരുമാനം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്​.

മറ്റ്​ തീരുമാനങ്ങൾ 

കേരള പോലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളില്‍ രണ്ട് ആർമറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ 4 തസ്തികകൾ സൃഷ്ടിച്ചു.

കായിക താരങ്ങള്‍ക്ക് ഇൻക്രിമെൻ്റ്

ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗ് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗ് ഇനത്തിൽ വെളളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസ്-ന് രണ്ടും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിക്കും.

നിയമനം

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ കൊച്ചി വടുതല സ്വദേശി വി എസ് ശ്രീജിത്ത്, എറണാകുളം നോര്‍ത്ത് സ്വദേശി ഒ വി ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ ഒഴിവികളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര്‍ സ്വദേശി എം എസ് ബ്രീസ്, കൊച്ചി തണ്ടത്തില്‍ ഹൗസിലെ ജിമ്മി ജോര്‍ജ് എന്നിവരെയും നിയമിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ. സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറക്കൽ സ്വദേശി ശില്പ എൻ. പി, കൊല്ലം, പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു.

ഡിജിറ്റല്‍ റീ സർവേ പ്രവര്‍ത്തന ചെലവ് ആര്‍.കെ.ഐ വഹിക്കും

സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സര്‍വേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 2026 മാര്‍ച്ച് 31 വരെയുള്ള ചെലവുകള്‍ക്കായി 50 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില്‍ നിന്നും അനുവദിക്കും.

ശമ്പള പരിഷ്കരണം

കേരള ലാൻഡ് ഡെവലപ്പ്‌മെന്‍റ്​ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രില്‍ ഒന്ന് പ്രാബല്യത്തിൽ അനുവദിക്കും.

കെല്‍ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്‍വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കും.

പുനഃസംഘടിപ്പിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉള്‍പ്പെടുത്തി.

പുനര്‍നിയമനം

സുപ്രീം കോടതി സ്റ്റാന്‍റിംഗ് കൗണ്‍സിലര്‍മാരായി സി കെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ 2025 ജൂലൈ 23 മുതല്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിച്ചു.

സേവന കാലാവധി ദീര്‍ഘിപ്പിച്ചു

കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ന്റെ സേവന കാലാവധി, 09-09-2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യൻ്റെ സേവന കാലാവധി ദീർഘിപ്പിച്ചു.

ഭേദഗതി

അഴീക്കല്‍ തുമറമുഖ വികസനത്തിനായി മലബാർ ഇന്‍റർനാഷനൽ പോർട്ട് ആൻഡ്​ സെസ് ലിമിറ്റഡ് സമർപ്പിച്ച, ഡി.പി.ആറിനും Centre for Management Development (CMD) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നല്‍കിയ 22-08-2024 ഉത്തരവിലെ നിബന്ധനകള്‍ ധന വകുപ്പിന്‍റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.

സർക്കാർ ഗ്യാരന്‍റി

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്‍റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.

പാട്ടത്തിന് നല്‍കും

ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ ഭൂമി തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നല്‍കും. പ്രതിവര്‍ഷം ആര്‍ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്‍ഷത്തിന് പാട്ടത്തിന് നല്‍കുക.

Tags:    
News Summary - 202 doctor posts will be created in various hospitals in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.