സുബ്ഹാന്
പ്രളയം തോറ്റ രക്ഷാദൗത്യം: ആഘോഷമില്ലാതെ സുബ്ഹാന് രണ്ടാം പിറന്നാള്‍
ചെങ്ങമനാട്: 2018ലെ പ്രളയകാലത്ത് ഹെലികോപ്ടറില്‍ സാഹസികമായി രക്ഷപ്പെടുത്തിയ സാജിത നാവികസേന ആശുപത്രിയില്‍ ജന്മം നല്കിയ സുബ്ഹാന് തിങ്കളാഴ്ച രണ്ടാം പിറന്നാളായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷമില്ലാതെയാണ് പിറന്നാൾ കടന്നുപോയത്. ചെങ്ങമനാട് പനയക്കടവ് കളത്തിങ്കല്‍ വീട്ടില്‍ ജബല്‍ കെ. ജലീലിെൻറ ഭാര്യ സാജിതയാണ്, പ്രളയത്തിൽ മുങ്ങിയ ചൊവ്വര കൊണ്ടോട്ടി ജുമ മസ്ജിദിന് മുകളില്‍നിന്ന് നാവികസേന ഹെലികോപ്ടറില്‍ കറങ്ങിപ്പറന്ന് മണിക്കൂറുകള്‍ക്കകം കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ ഗര്‍ഭിണിയായ സാജിതയുടെ പ്രസവ തീയതി ആഗസ്റ്റ് 20നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. 16ന് രാത്രി 11ന് വേദന തുടങ്ങി. സമീപ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ആശുപത്രിയിെലത്തുക അസാധ്യമായിരുന്നു. വീട്ടുകാരും നാട്ടുകാരും ജനപ്രതിനിധികളും സാജിതയെ ആശുപത്രിയിൽ എത്തിക്കാന്‍ പല വഴികളും അന്വേഷിച്ചു. എല്ലാ ശ്രമവും വിഫലമായി. ഒടുവിൽ നാവികസേനയുടെ സഹായം തേടി.
17ന് പുലര്‍ച്ച പരിസരത്ത് സാജിതയെ തേടിയെത്തിയ ഹെലികോപ്ടര്‍ സ്ഥലമറിയാതെ ചുറ്റിക്കറങ്ങി. വേദനകൊണ്ട് പുളയുന്ന സാജിതക്ക് ചുറ്റും ക്യാമ്പിലുള്ളവരുടെ പ്രാര്‍ഥനയും കരച്ചിലും ഉയർന്നു. ഒടുവില്‍ നാട്ടുകാര്‍ മസ്ജിദിന് മുകളില്‍ കയറി ഒച്ചവെക്കുകയും ചുവന്ന തുണി വീശി സൂചന നൽകുകയും ചെയ്തു. മസ്ജിദിന് മുകളില്‍ നിര്‍ത്തിയ ഹെലികോപ്ടറിൽ നിന്ന് സേനയുടെ ഡോക്ടര്‍ മഹേഷും കമാന്‍ഡര്‍ ഓഫിസറും ഇറങ്ങി സ്ഥിതിഗതി വിലയിരുത്തി. ഹെലികോപ്ടറില്‍ തൂങ്ങുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് സാജിതക്ക് ധൈര്യം പകർന്നു. അരയില്‍ ചുറ്റിയ ബെല്‍റ്റില്‍ പൈലറ്റ് വിജയ വര്‍മ സാജിതയെ തൂക്കിയെടുക്കുമ്പോള്‍ നാടൊന്നാകെ ശ്വാസമടക്കി പ്രാര്‍ഥിച്ചു.
കൊച്ചിയിലെ നാവികസേന ആശുപത്രിയില്‍ രാവിലെ 9.30ഓെട എത്തിയ സാജിത ഉച്ചക്ക് 2.12ന് സുഖപ്രസവത്തിലൂടെയാണ് സുബ്ഹാന് ജന്മം നല്‍കിയത്. 12 ദിവസം അമ്മയും കുഞ്ഞും ആശുപത്രിയില്‍ കഴിഞ്ഞു. സേന ആശുപത്രി കമാന്‍ഡിങ് ഓഫിസര്‍ സുഭാഷാണ് കുഞ്ഞിന് 'സുബ്ഹാന്' എന്ന് പേര് വിളിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം ജന്മദിനത്തില് കൈനിറയെ സമ്മാനങ്ങളുമായി സേന അധികൃതരും മറ്റും സുബ്ഹാനെ കാണാനെത്തിയിരുന്നു. മുഹമ്മദ് നഹീം, മുഹമ്മദ് നുഹൈം എന്നിവരാണ് സഹോദരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.